തമിഴ്‌നാട്ടിൽ ബിജെപി-ടിവികെ സഖ്യനീക്കങ്ങൾക്ക് തിരിച്ചടി; രജനീകാന്തിനെതിരായ പരാമർശം വിവാദമാകുന്നു

സഖ്യസാധ്യതകൾ നിലനിൽക്കെ ഉണ്ടായ ഈ വിവാദം ബിജെപിയെയും അണ്ണാ ഡിഎംകെയെയും ചൊടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി ബഹുമാനിക്കുന്ന വ്യക്തിയാണ് രജനീകാന്തെന്നും അദ്ദേഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്നും അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി വ്യക്തമാക്കി

Update: 2026-03-17 12:26 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യവും നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിൽ ധാരണയുണ്ടാക്കാനുള്ള നീക്കങ്ങൾ പ്രതിസന്ധിയിൽ. ടിവികെ നേതാവ് ആദവ് അർജുന നടൻ രജനീകാന്തിനെതിരെ നടത്തിയ വിവാദ പരാമർശമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. ഡിഎംകെയുടെ ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്ന ആദവിന്റെ പ്രസ്താവനക്കെതിരെ രജനീകാന്ത് തന്നെ നേരിട്ട് രംഗത്തെത്തി. ഇതിന് മറുപടി നൽകാൻ കാലം കാത്തിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സഖ്യസാധ്യതകൾ നിലനിൽക്കെ ഉണ്ടായ ഈ വിവാദം ബിജെപിയെയും അണ്ണാ ഡിഎംകെയെയും ചൊടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി ബഹുമാനിക്കുന്ന വ്യക്തിയാണ് രജനീകാന്തെന്നും അദ്ദേഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്നും അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും ആദവ് അർജുനയെ രൂക്ഷമായി വിമർശിച്ചു. ഡിഎംകെയെ നേരിടാൻ ടിവികെയ്ക്ക് 80 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും ബിജെപി വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിജയ് ഡൽഹി സന്ദർശിച്ചതോടെ ഈ അഭ്യൂഹങ്ങൾ ശക്തമായെങ്കിലും പുതിയ വിവാദം സഖ്യചർച്ചകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Similar News