ജയസൂര്യയുടെ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ 'ഓപ്പറേഷൻ ത്രാൾ'; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ജോബി ജോർജ് തടത്തിലാണ് നിർമ്മിക്കുന്നത്.

Update: 2026-03-17 06:48 GMT

മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓപ്പറേഷൻ ത്രാളി'ന്റെ ഔദ്യോഗിക ടൈറ്റിൽ പുറത്തുവിട്ടു. സൂപ്പർ താരം മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് നടന്നത്. പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ജോബി ജോർജ് തടത്തിലാണ് നിർമ്മിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന യഥാർത്ഥ ഏറ്റുമുട്ടലുകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ഈ ഹൈ-ഒക്ടേൻ ആക്ഷൻ ത്രില്ലർ വരും ക്രിസ്മസ് കാലത്ത് തിയേറ്ററുകളിലെത്തും.

അതീവ ഉദ്വേഗഭരിതമായ ഒരു ടൈറ്റിൽ ടീസറാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അതിർത്തിയിൽ തീവ്രവാദികൾ ആക്രമിച്ച ഒരു ബസിനെ രക്ഷിക്കാൻ മിലിറ്ററി ക്യാമ്പിൽ നിന്നും ബാക്ക്-അപ്പ് ടീമിനെ ആവശ്യപ്പെടുന്ന വയർലെസ് സന്ദേശമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ രഹസ്യ പ്രവർത്തനങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാകുന്ന ഈ സിനിമ ജയസൂര്യയുടെ കരിയറിലെ ഏറ്റവും കരുത്തുറ്റ വേഷങ്ങളിലൊന്നായിരിക്കും. ജമ്മു, കശ്മീർ, ലഡാക്ക്, ഡൽഹി, കൊച്ചി തുടങ്ങി വിവിധ ലൊക്കേഷനുകളിലായി ചിത്രീകരിക്കുന്ന ഈ സിനിമയിൽ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.

നജോസ് ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധായകൻ രതീഷ് വേഗ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സമീറ സനീഷ്, സരിത ജയസൂര്യ എന്നിവർ ചേർന്ന് വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. എം.ആർ. രാജകൃഷ്ണൻ സൗണ്ട് മിക്സിംഗും വിക്കി സൗണ്ട് ഡിസൈനും നിർവഹിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്താണ്. വരും ദിവസങ്ങളിൽ സിനിമയിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Similar News