കോന്നിയുടെ പശ്ചാത്തലത്തിൽ ക്രൈം ത്രില്ലർ 'കിരാത'; മാർച്ച് 27-ന് തിയേറ്ററുകളിലെത്തും

Update: 2026-03-17 07:01 GMT

കൗമാരത്തിന്റെ തുടിപ്പും ആവേശവും നിറഞ്ഞ പ്രമേയവുമായി എത്തുന്ന പുതിയ ചിത്രം 'കിരാത' മാർച്ച് 27-ന് പ്രദർശനത്തിന് തയ്യാറെടുക്കുന്നു. പത്തനംതിട്ടയിലെ കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളുടെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം ഒരു ക്രൈം ത്രില്ലറായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന കഥാഗതിയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കുറ്റകൃത്യങ്ങളും അതിനെത്തുടർന്നുള്ള ഉദ്വേഗഭരിതമായ നിമിഷങ്ങളുമാണ് സിനിമയുടെ മുഖ്യ ആകർഷണം. നവാഗതനായ ബിജു സി. കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗ്രാമീണ സൗന്ദര്യവും ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളും കോർത്തിണക്കിയ 'കിരാത', തിയേറ്ററുകളിൽ പുത്തൻ ദൃശ്യാനുഭവം നൽകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന വലിയൊരു ക്രൈം ഇൻവെസ്റ്റിഗേഷൻ എന്ന രീതിയിലാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. വിപിൻ ദാസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം പ്രേംജിത്താണ് ഒരുക്കിയിരിക്കുന്നത്.

Similar News