ഓസ്കർ നേട്ടത്തിന് പിന്നാലെ ബർഗർ ഷോപ്പിൽ ക്യൂ നിന്ന് മൈക്കൽ ബി. ജോർദാൻ; വൈറലായി വീഡിയോ

ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്ന 98-ാമത് അക്കാദമി അവാർഡ് ചടങ്ങിൽ 'സിന്നേഴ്സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയ താരം, ചടങ്ങിന് ശേഷം നേരെ പോയത് പ്രശസ്തമായ 'ഇൻ-എൻ-ഔട്ട്' ബർഗർ ഷോപ്പിലേക്കാണ്.

Update: 2026-03-17 06:44 GMT

തന്റെ കരിയറിലെ ഏറ്റവും വലിയ പുരസ്കാരം സ്വന്തമാക്കിയ ആവേശത്തിലും ലളിതമായ ജീവിതരീതി കൊണ്ട് ആരാധകരുടെ കൈയടി നേടുകയാണ് ഹോളിവുഡ് താരം മൈക്കൽ ബി. ജോർദാൻ. ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്ന 98-ാമത് അക്കാദമി അവാർഡ് ചടങ്ങിൽ 'സിന്നേഴ്സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയ താരം, ചടങ്ങിന് ശേഷം നേരെ പോയത് പ്രശസ്തമായ 'ഇൻ-എൻ-ഔട്ട്' ബർഗർ ഷോപ്പിലേക്കാണ്. പുരസ്കാര നേട്ടത്തിന് പിന്നാലെ താരങ്ങൾ സാധാരണയായി പങ്കെടുക്കാറുള്ള ആഡംബര പൂർണ്ണമായ ആഫ്റ്റർ പാർട്ടികൾ വേണ്ടെന്ന് വെച്ചാണ് മൈക്കൽ തന്റെ പ്രിയപ്പെട്ട ബർഗർ കഴിക്കാൻ എത്തിയത്. കയ്യിൽ തിളങ്ങുന്ന ഓസ്കാർ ട്രോഫിയുമായി ബർഗർ കടയിലെത്തിയ താരത്തെ കണ്ട് അവിടെയുണ്ടായിരുന്ന ജീവനക്കാരും ആരാധകരും ഒരുപോലെ അമ്പരന്നു.

ബർഗർ ഷോപ്പിൽ നിന്നുള്ള മൈക്കലിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ട്രോഫി മേശപ്പുറത്ത് വെച്ച് ബർഗർ ആസ്വദിച്ചു കഴിക്കുന്ന താരത്തിന്റെ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. അവിടെയുണ്ടായിരുന്ന ആരാധകർക്കൊപ്പം സെൽഫി എടുത്തും സംസാരിച്ചും താരം സമയം ചെലവഴിച്ചു. ഓസ്കാർ രാത്രികളിൽ ഇത്തരം ബർഗർ ഷോപ്പുകൾ സന്ദർശിക്കുന്നത് ഹോളിവുഡിൽ ഒരു പുതിയ കാര്യമല്ല. റെഡ് കാർപെറ്റിലെയും അവാർഡ് ചടങ്ങിലെയും നീണ്ട മണിക്കൂറുകൾക്ക് ശേഷം ലളിതമായ ഭക്ഷണം ആസ്വദിക്കാൻ പല പ്രമുഖരും ഇത്തരം വഴികൾ തിരഞ്ഞെടുക്കാറുണ്ട്. മുൻപ് ബ്രാഡ് പിറ്റ്, ജെനിഫർ ലോറൻസ് തുടങ്ങിയവരും സമാനമായ രീതിയിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു

Similar News