അമ്മയാകുക എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പ്; അണ്ഡം ശീതീകരിക്കുന്നതിനോടും താല്പര്യമില്ലെന്ന് പാർവതി തിരുവോത്ത്

ഏകദേശം 10 മുതൽ 12 ദിവസം വരെ നീണ്ടുനിൽക്കുന്ന ഹോർമോൺ ചികിത്സകളും ചെറിയ ശസ്ത്രക്രിയയും ഇതിനാവശ്യമാണ്. ഇതിന് ശരാശരി 1.2 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ ചിലവ് വരുമെന്നും, വിദഗ്ധ മേൽനോട്ടത്തിൽ ചെയ്താൽ സങ്കീർണ്ണതകൾ വിരളമാണെന്നും ഡോക്ടർ വ്യക്തമാക്കി.

Update: 2026-03-17 06:54 GMT

മാതൃത്വം എന്നത് ഓരോ സ്ത്രീയുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന ചർച്ചകൾക്ക് പുതിയ മാനം നൽകിക്കൊണ്ട് നടി പാർവതി തിരുവോത്ത് പങ്കുവെച്ച നിലപാടുകൾ ശ്രദ്ധേയമാകുന്നു. അമ്മയാകുക എന്നത് ജീവിതത്തിലെ അനിവാര്യമായ ഘട്ടമാണെന്ന പരമ്പരാഗത ചിന്താഗതികൾ മാറിവരുന്ന കാലഘട്ടത്തിൽ, കരിയർ, വ്യക്തിസ്വാതന്ത്ര്യം എന്നിവയ്ക്ക് മുൻഗണന നൽകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. തനിക്ക് അമ്മയാകാൻ താല്പര്യമില്ലെന്നും അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്ന (Egg Freezing) പ്രക്രിയയ്ക്ക് മുതിരുന്നില്ലെന്നും പാർവതി വ്യക്തമാക്കി. ജീവിതത്തിൽ ഒരിക്കൽ ചെയ്യേണ്ട ഏക കാര്യം ഇതാണെന്ന് കരുതിയിരുന്ന കാലം തനിക്കുണ്ടായിരുന്നുവെന്നും, എന്നാൽ അത്തരം ചിന്തകളിൽ നിന്ന് ഇപ്പോൾ പൂർണ്ണമായും മുക്തയായെന്നും താരം പറഞ്ഞു. മറ്റുള്ളവരെ പരിപാലിക്കാനുള്ള അവബോധം തന്റെ വളർത്തുമൃഗത്തിൽ നിന്നാണ് തനിക്ക് ലഭിച്ചതെന്നും 'ദ മെയിൽ ഫെമിനിസ്റ്റിന്' നൽകിയ അഭിമുഖത്തിൽ പാർവതി തുറന്നുപറഞ്ഞു.

ഇന്നത്തെ കാലത്ത് സ്ത്രീകൾ തങ്ങളുടെ മുൻഗണനകൾ മാറ്റുന്നത് സ്വാഭാവികമാണെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തികവും വൈകാരികവുമായ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം മാത്രം മതിയെന്ന തീരുമാനത്തിലാണ് പലരും. അതേസമയം, വൈകി വിവാഹം കഴിക്കാനോ ഗർഭധാരണം നീട്ടിവെക്കാനോ ആഗ്രഹിക്കുന്നവർക്ക് അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്നത് ഒരു സഹായകരമായ മാർഗ്ഗമാണെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. ഗന്ധാലി ദിയോരുഖ്കർ ചൂണ്ടിക്കാട്ടുന്നു. ഇതൊരു ഉറപ്പായ ഗർഭധാരണ രീതിയല്ലെങ്കിലും ഭാവിയിൽ കൂടുതൽ സാധ്യതകൾ നൽകുന്ന ഒന്നാണ്. ഏകദേശം 10 മുതൽ 12 ദിവസം വരെ നീണ്ടുനിൽക്കുന്ന ഹോർമോൺ ചികിത്സകളും ചെറിയ ശസ്ത്രക്രിയയും ഇതിനാവശ്യമാണ്. ഇതിന് ശരാശരി 1.2 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ ചിലവ് വരുമെന്നും, വിദഗ്ധ മേൽനോട്ടത്തിൽ ചെയ്താൽ സങ്കീർണ്ണതകൾ വിരളമാണെന്നും ഡോക്ടർ വ്യക്തമാക്കി.

Similar News