ഭീമൻ മോഹൻലാലോ റിഷബ് ഷെട്ടിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി വെച്ച് രണ്ടാമൂഴം
നിലവിൽ രണ്ടാമൂഴം കാന്താരാ സംവിധായകൻ റിഷബ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത് എന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു;
എംടിയുടെ സ്വപ്ന സിനിമയായിരുന്ന രണ്ടാമൂഴം ഉടൻ ഉണ്ടാകുമെന്ന് കഴിഞ്ഞ വർഷം എംടിയുടെ മകൾ അശ്വതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അതേ കുറിച്ചുള്ള അപ്ഡേറ്റുകളൊന്നും തന്നെ പുറത്തുവന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഋഷഭ് ഷെട്ടി ചിത്രത്തിലേക്ക് വരുന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. രണ്ടാമൂഴം ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്നെന്ന തരത്തിലായിരുന്നു റിപ്പോർട്ട്.പക്ഷേ ചിത്രത്തിൽ ഭീമനായി ഋഷഭ് എത്തുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഭീമനായി എത്തുന്നത് മോഹൻലാൽ ആയിരിക്കുമെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. ഈ കോൺസപ്റ്റിൽ പലരും ഫാൻ മേഡ് പോസ്റ്ററുകളും പുറത്തിറക്കി. ഇതോടെ മലയാളികളുടെ ഉള്ളിൽ മോഹൻലാലായി ഭീമൻ കഥാപാത്രം. ഋഷഭ് ഷെട്ടി വേണ്ട ഞങ്ങളുടെ ലാലേട്ടൻ മതി എന്നാണ് ആരാധകർ കമന്റുകളായി കുറിക്കുന്നത്.
'മോഹൻലാലിനെക്കാൾ അനുയോജ്യം ആരും ഇല്ലാ. ഭീമന്റെ ആത്മ സഘർഷങ്ങളെ പ്രതിപലിഫിക്കൻ അദ്ദേഹത്തിനെ കഴിയൂ, രണ്ടാമൂഴത്തിലെ ഭീമൻ ഇനി ആര് ചെയ്താലും ആ നോവൽ വായിക്കുമ്പോൾ മോഹൻലാലിന്റെ മുഖമാണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ഋഷഭ് ഷെട്ടി ഭീമനായാൽ നന്നാവുമെന്ന് പറയുന്നവരും ധാരാളമാണ്. ഋഷഭ് സിനിമ സംവിധാനം ചെയ്താൽ നന്നാവുമെന്നും ഗംഭീര ക്ലൈമാക്സും ബിഗ് സ്ക്രീൻ എക്സ്പീരിയൻസുമൊക്കെ ലഭിക്കുമെന്നും ഇവർ പറയുന്നുണ്ട്.ഇതിനിടെ രണ്ടാമൂഴം സിനിമയാക്കിയാൽ ആരൊക്കെ അഭിനേതാക്കളായി വരണമെന്നും ആ കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് പറയുന്നവരും ധാരാളമാണ്. "മലയാളത്തിൽ നിന്നാണെങ്കിൽ മോഹൻലാൽ, സുരേഷ് ഗോപി, ടോവിനോ നല്ലതായിരിക്കും. മറ്റ് ഭാഷയിൽ ആണെങ്കിൽ പ്രഭാസ്, കമൽഹാസൻ, വിക്രം, ഋഷഭ് ഷെട്ടി ഈ വേഷം ചെയ്താൽ സൂപ്പർ ആയിരിക്കും", എന്നും കമന്‍റുകളുണ്ട്. എന്തായാലും ആരാകും രണ്ടാമൂഴത്തിന്റെ സംവിധായകനെന്നും കഥാപാത്രങ്ങളുമെന്നും വൈകാതെ അറിയാനാകുമെന്നാണ് കരുതപ്പെടുന്നത്