വർഷങ്ങൾക്കിപ്പുറം, മണിച്ചിത്രത്താഴിലെ സണ്ണിയും, ശ്രീദേവിയും, നകുലനും, ഗംഗയും എല്ലാം എവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ എ ഐ ചിത്രങ്ങൾ റെഡി
ആരാധകരെ ഞെട്ടിക്കുന്ന രീതിയിലാണ് ചിത്രങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്
കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്‍ഗ്രീന്‍ ചിത്രമാണ് 'മണിച്ചിത്രത്താഴ്.' മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളിൽ റീ- റിലീസ് ചെയ്തിരുന്നു. വലിയ പിന്തുണയായിരുന്നു റീ- റിലീസിന് പ്രേക്ഷകർ നൽകിയത്.
വർഷങ്ങൾക്കിപ്പുറം, മണിച്ചിത്രത്താഴിലെ സണ്ണിയും, ശ്രീദേവിയും, നകുലനും, ഗംഗയും എല്ലാം എവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ ഈ ചോദ്യത്തിന് എഐയിലൂടെ മറുപടി നൽകുകയാണ് "m3db_cafe_official" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട്.ശ്രീദേവിയെ വിവാഹം കഴിച്ച് ഡോ. സണ്ണി അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നതും മാടമ്പള്ളി തറവാട് മോടിപിടിപ്പിച്ച് നാട്ടിൽ കുടുംബമൊത്ത് സുഖജീവിതം നയിക്കുന്ന നകുലനെയും ഗംഗയേയുമെല്ലാമാണ് എഐ ചിത്രങ്ങളിൽ കാണാനാവുക. കൽക്കട്ടയിൽ നിന്നെത്തിയ നകുലുന്റെ അമ്മയായ ശരദാമ്മയായി നടി സുകുമാരിയെയും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.രസകരമായ പോസ്റ്റിൽ നിരവധി സിനിമാസ്വാദകരമാണ് കമന്റുകളുമായെത്തുന്നത്. നിരവധി ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഫാസിലിന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തെ കൾട്ട് ക്ലാസിക് എന്നാണ് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നത്. മധു മുട്ടം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.