നടൻ ബിജു മേനോന് എതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് ബി ഉണ്ണി കൃഷ്ണൻ.

ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Update: 2026-02-09 10:57 GMT

സിനിമകളുടെ പ്രമോഷനിൽ നിന്ന് പ്രമുഖ താരങ്ങൾ വിട്ടുനിൽക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ബി. ഉണ്ണികൃഷ്ണൻ. കരാറിൽ ഒപ്പിട്ട ശേഷം പ്രമോഷന് വരാതിരിക്കുന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും നടൻ ബിജു മേനോന്റെ നിസ്സഹകരണം മൂലം ഒരു നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി .ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടന്‍ പ്രമോഷന് ചെല്ലാത്തതു കൊണ്ട് ഒരു നിര്‍മാതാവിന്, അദ്ദേഹം സംവിധായകന്‍ കൂടെയാണ്, ഞങ്ങളുടെ മെമ്പറുമാണ്, 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്നും കിട്ടുന്നതില്‍ നിന്നും കുറഞ്ഞത്. ചെറിയൊരു തുകയാണോ അത്? അതേ നടന്‍ ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും (വലതുവശത്തെ കള്ളൻ) പോയിട്ടില്ല. ഞാന്‍ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാനൊന്നും മടിയില്ല.അദ്ദേഹം പോയിട്ടില്ല. പ്രമോഷന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ. ഞാന്‍ പറയുന്നത് ഞങ്ങളോട് വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം അവിടെ കാണിക്കൂവെന്നാണ്. സിനിമ പ്രെമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിടുക. എന്നിട്ട് പോകാതിരിക്കുക. അതിന്റെ മുകളില്‍ ആ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടം വരിക. ഇപ്പോള്‍ വന്ന സിനിമയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കറക്ട് ചെയ്യണം.’’– ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്ന് ബി. ഉണ്ണികൃഷ്ണൻ വിമർശിച്ചു. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരും. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാം അഭിനേതാക്കളും കരാറിന്‍റെ ഭാഗം ആകണമെന്നും അദ്ദേഹം പറഞ്ഞു.

നിർമാതാവ് - സംവിധായകൻ - പ്രൊഡക്ഷൻ കൺട്രോളർ - നടീനടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരും. സമയബന്ധിതമായി ഷൂട്ടിങ് പൂർത്തിയാകുകയാണ് ലക്ഷ്യം. ഷൂട്ടിങ് നീണ്ടുപോകാൻ കാരണം അഭിനേതാക്കളാണ്. പത്ത് ശതമാനം പോലും ടെക്നീഷ്യന്മാരുടെ പ്രശ്‌നമില്ല.പതിനാറ് മണിക്കൂർ ഷൂട്ടിങ് കാൾ ഷീറ്റ് എന്നത് 12 മണിക്കൂർ ആക്കി. അധികസമയത്തിന് ഓവർടൈം അനുവദിക്കും. വേതന വ്യവസ്ഥയിൽ തീരുമാനം പിന്നീടുണ്ടാകുമെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു.

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വലതുവശത്തെ കള്ളന്‍’. സിനിമയുടെ വാര്‍ത്താസമ്മേളനത്തിലല്ലാതെ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ ഭാഗമായിരുന്നില്ല. ഇത് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ബി ഉണ്ണികൃഷ്ണന്‍ ഉന്നയിച്ച പരാതിയില്‍ ഇതുവരെയും ബിജു മേനോന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

Similar News