"സ്വപ്നച്ചിത്രം ബാക്കിവെച്ച് അവൻ മടങ്ങി"; അന്തരിച്ച സംവിധായകൻ നിതീഷ് സുധയെക്കുറിച്ച് നടൻ ഇർഷാദിന്റെ വികാരനിർഭരമായ കുറിപ്പ്

സിനിമയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, വായനയും എഴുത്തും ശീലമാക്കിയ നിതീഷ് തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിയായിരുന്നുവെന്ന് ഇർഷാദ് കുറിച്ചു

Update: 2026-02-28 09:44 GMT

മലപ്പുറം: ആദ്യ സിനിമയുടെ റിലീസ് കാണാൻ കാത്തുനിൽക്കാതെ യാത്രയായ യുവസംവിധായകൻ നിതീഷ് സുധയെക്കുറിച്ച് (32) വികാരാധീനനായി നടൻ ഇർഷാദ് അലി. നിതീഷ് സംവിധാനം ചെയ്ത 'മലയാളി മെമ്മോറിയൽ' എന്ന ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കവെയാണ് മരണം താരത്തെ തട്ടിയെടുത്തത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇർഷാദ് തന്റെ പ്രിയ സുഹൃത്തിനെ അനുസ്മരിച്ചത്.സിനിമയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, വായനയും എഴുത്തും ശീലമാക്കിയ നിതീഷ് തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിയായിരുന്നുവെന്ന് ഇർഷാദ് കുറിച്ചു. "സിനിമയിൽ സജീവമായ ശേഷം ഷോർട്ട് ഫിലിമുകൾ ചെയ്യുന്നത് നിർത്തിയിരുന്ന സമയത്താണ് നിതീഷ് എന്നെ വിളിക്കുന്നത്. സ്വന്തം തിരക്കഥയിലുള്ള അവന്റെ ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി," ഇർഷാദ് ഓർക്കുന്നു. അങ്ങനെയാണ് ഇരുവരും ഒന്നിച്ച 'പിടിവാശി' എന്ന ഷോർട്ട് ഫിലിം ജനിക്കുന്നത്. ആ സൗഹൃദമാണ് പിന്നീട് 'മലയാളി മെമ്മോറിയൽ' എന്ന സിനിമയിലേക്ക് വളർന്നത്.കഴിഞ്ഞ മാർച്ചിൽ ചിത്രീകരണം തുടങ്ങി ഏപ്രിലിൽ പൂർത്തിയാക്കിയ 'മലയാളി മെമ്മോറിയൽ' എന്ന സിനിമയുടെ റിലീസ് നിതീഷിന്റെ വലിയ സ്വപ്നമായിരുന്നു.സിനിമ അതിന്റെ അവസാന മിനുക്കുപണികളിലാണ്. പക്ഷേ അത് ലോകത്തെ കാണിക്കാൻ അവൻ കാത്തുനിന്നില്ല. വ്യക്തിപരമായ നഷ്ടത്തേക്കാൾ ഉപരി, അവന്റെ ഉള്ളിൽ ബാക്കിവെച്ച ആയിരം കഥകളും ലോകം കാണാതെ പോയ സിനിമകളുമാണ് എന്നെ നോവിക്കുന്നത്," ഇർഷാദ് കുറിച്ചു.32 വർഷത്തെ ജീവിതത്തിനിടയിൽ നിതീഷ് കണ്ട ഏറ്റവും വലിയ സ്വപ്നം അവന്റെ സിനിമകളാണെന്നും, അവ ലോകത്തിന് മുന്നിലെത്തിക്കുക എന്നതാണ് ഇനി അവന് വേണ്ടി ചെയ്യാൻ ബാക്കിയുള്ളതെന്നും ഇർഷാദ് കൂട്ടിച്ചേർത്തു. നിതീഷ് കൊളുത്തിവെച്ച ആ സിനിമാ സ്വപ്നത്തിന്റെ തിരി കെടാതെ കാക്കണമെന്ന ആഹ്വാനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

മലപ്പുറം കോട്ടക്കൽ പെരുമണ്ണ സ്വദേശിയായ നിതീഷ് സുധ പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. മലയാള സിനിമാ ലോകത്തിന് വലിയൊരു വാഗ്ദാനമായിരുന്ന ഒരു യുവപ്രതിഭയെയാണ് നിതീഷിന്റെ വേർപാടിലൂടെ നഷ്ടമായത്.

Similar News