"അവിടെ രാഷ്ട്രീയം ശ്വാസം മുട്ടിച്ചു, അതിജീവിക്കാൻ മാറ്റം അനിവാര്യമായിരുന്നു"; ബോളിവുഡ് വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

. ഹിന്ദി സിനിമയിലെ അവസരങ്ങൾ തനിക്ക് പരിമിതമാണെന്നും അവിടെ ദീർഘകാല വളർച്ച സാധ്യമല്ലെന്നും തോന്നിയ ഘട്ടത്തിലാണ് കരിയറിൽ വലിയൊരു മാറ്റത്തിന് തയ്യാറായതെന്ന് പ്രിയങ്ക വ്യക്തമാക്കി

Update: 2026-02-28 09:47 GMT

മുംബൈ: ബോളിവുഡ് സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്ത് താൻ എന്തിന് ഹോളിവുഡിലേക്ക് ചേക്കേറി എന്നതിനെക്കുറിച്ച് മനസ്സ് തുറന്ന് ആഗോള താരം പ്രിയങ്ക ചോപ്ര. ജയ് ഷെട്ടിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് താരം ബോളിവുഡിലെ കടുത്ത രാഷ്ട്രീയത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞത്. ഹിന്ദി സിനിമയിലെ അവസരങ്ങൾ തനിക്ക് പരിമിതമാണെന്നും അവിടെ ദീർഘകാല വളർച്ച സാധ്യമല്ലെന്നും തോന്നിയ ഘട്ടത്തിലാണ് കരിയറിൽ വലിയൊരു മാറ്റത്തിന് തയ്യാറായതെന്ന് പ്രിയങ്ക വ്യക്തമാക്കി.സിനിമാ വ്യവസായം എന്നത് അത്ര എളുപ്പമുള്ള ഇടമല്ലെന്നും അവിടെ നിലനിൽക്കുക എന്നത് കഠിനമാണെന്നും പ്രിയങ്ക പറഞ്ഞു. "ഇത് രാഷ്ട്രീയമാണ്, നെറ്റ്‌വർക്കിങ് ആണ്. ഞാൻ ജോലി ചെയ്യുന്നത് വളരെ പരിമിതമായ ഒരു മേഖലയിലാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. വൈകാരികമായും മാനസികമായും ശാരീരികമായും തകർന്നുപോയ ഒരു ഘട്ടമുണ്ടായിരുന്നു. അതിജീവിക്കാൻ എനിക്ക് മാറ്റം ആവശ്യമായിരുന്നു," താരം വെളിപ്പെടുത്തി.തന്റെ കരിയറിലെ ആറ് സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടത് ഒരു വലിയ തിരിച്ചറിവായെന്ന് പ്രിയങ്ക പറയുന്നു. ആ സമയത്ത് താൻ മാനസികമായി തളർന്നിരുന്നു. പുതിയൊരു ശ്വാസം തേടിയുള്ള യാത്രയാണ് തന്നെ സംഗീതത്തിലേക്കും പിന്നീട് ഹോളിവുഡിലേക്കും എത്തിച്ചത്. ക്വാണ്ടിക്കോ (2015) എന്ന ഹിറ്റ് പരമ്പരയ്ക്ക് മുൻപേ തന്നെ അന്താരാഷ്ട്ര കലാകാരന്മാരുമായി ചേർന്ന് സംഗീത മേഖലയിൽ പ്രിയങ്ക സജീവമായിരുന്നു. ആ കാലഘട്ടത്തെ 'പുതുമയുടെ ശ്വാസം' എന്നാണ് താരം വിശേഷിപ്പിച്ചത്.ബോളിവുഡിൽ തന്റെ ഓപ്ഷനുകൾ പരിമിതമാണെന്നും പുതിയ മേച്ചിൽപ്പുറങ്ങൾ തേടേണ്ടത് അനിവാര്യമാണെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഹോളിവുഡിലേക്കുള്ള ആദ്യ ചുവടുവെപ്പുകൾ ആത്മവിശ്വാസം നൽകിയെന്നും താരം കൂട്ടിച്ചേർത്തു. ഇന്ന് ഹോളിവുഡിലെ തിരക്കേറിയ താരങ്ങളിൽ ഒരാളായ പ്രിയങ്ക, താൻ നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച കഥ മറ്റു കലാകാരന്മാർക്കും വലിയ പ്രചോദനമാണ്.

Similar News