നിയമപോരാട്ടത്തിനൊടുവിൽ 'കേരള സ്റ്റോറി 2' തിയറ്ററുകളിലേക്ക്; കേരളത്തിൽ പ്രേക്ഷകരില്ലാതെ ഷോകൾ റദ്ദാക്കി
. റിലീസ് ദിനമായ ഇന്ന് സംസ്ഥാനത്തെ പ്രമുഖ തിയറ്ററുകളിലൊന്നും തന്നെ മതിയായ പ്രേക്ഷകർ എത്തിയില്ല. കുറഞ്ഞ ബുക്കിങ് കാരണം കോഴിക്കോട് അടക്കമുള്ള നഗരങ്ങളിൽ ആദ്യ ഷോകൾ റദ്ദാക്കേണ്ടി വന്നു
കടുത്ത നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ പ്രദർശനാനുമതി ലഭിച്ച 'കേരള സ്റ്റോറി 2' വിന് കേരളത്തിലെ തിയറ്ററുകളിൽ ദയനീയ തുടക്കം. റിലീസ് ദിനമായ ഇന്ന് സംസ്ഥാനത്തെ പ്രമുഖ തിയറ്ററുകളിലൊന്നും തന്നെ മതിയായ പ്രേക്ഷകർ എത്തിയില്ല. കുറഞ്ഞ ബുക്കിങ് കാരണം കോഴിക്കോട് അടക്കമുള്ള നഗരങ്ങളിൽ ആദ്യ ഷോകൾ റദ്ദാക്കേണ്ടി വന്നു.നഗരത്തിലെ റീഗൽ തിയറ്ററിൽ സിനിമ കാണാൻ ബുക്ക് ചെയ്തത് വെറും രണ്ടുപേർ മാത്രമായിരുന്നു. ഇതോടെ പ്രദർശനം നടത്താനാകാതെ ഷോ റദ്ദാക്കി.എറണാകുളം ജില്ലയിൽ ഏഴ് തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പ്രമുഖ തിയറ്ററുകളായ ഷേണായീസ്, പി.വി.ആർ എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് ടിക്കറ്റ് എടുത്തത്. പാൻ സിനിമസിൽ ആകെ ബുക്ക് ചെയ്തത് ആറുപേർ മാത്രമാണ്.ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് ഇന്ന് സിനിമ പ്രദർശനത്തിനെത്തിയത്. ചിത്രം മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്നും കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണെന്നും ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, ഫ്രഡി ഫ്രാൻസിസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. സിനിമ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഹർജിക്കാരുടെ വാദം നിലനിൽക്കെയാണ് നിയന്ത്രണങ്ങളോടെ കോടതി പ്രദർശനത്തിന് പച്ചക്കൊടി കാട്ടിയത്.കേരളത്തിൽ തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ഇതര സംസ്ഥാനങ്ങളിൽ ചിത്രത്തിന് എന്ത് തരം സ്വീകരണമാണ് ലഭിക്കുക എന്നതിനെ ആശ്രയിച്ചിരിക്കും സിനിമയുടെ ഭാവി. വിവാദങ്ങൾ സിനിമയ്ക്ക് മൈലേജ് നൽകുമെന്ന് കരുതിയെങ്കിലും ആദ്യ ദിനത്തിലെ കണക്കുകൾ അണിയറപ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.