പ്രമോഷൻ പരിപാടിക്കിടെ വേദിയില്‍ വീണ് നാഗചൈതന്യ,;സംഘാടകര്‍ക്കെതിരെ ആരാധകരുടെ പ്രതിഷേധം

തെലുങ്ക് താരം നാഗ ചൈതന്യയുടെ പുതിയ ചിത്രം 'വൃഷകര്‍മ്മ'യുടെ ഫസ്റ്റ് ഗ്ലിംപ്സ് റിലീസ് ചടങ്ങിനിടെ വേദിയിൽ നിന്ന് വീണു

Update: 2026-03-06 04:46 GMT

തെലുങ്ക് യുവതാരം അക്കിനേനി നാഗ ചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘വൃഷകർമ്മ’യുടെ ഫസ്റ്റ് ഗ്ലിംപ്സ് റിലീസ് ചടങ്ങിനിടെയുണ്ടായ അപ്രതീക്ഷിത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിനിടെ, വേദിയിൽ തനിക്കായി ഒരുക്കിയ കസേരയിലേക്ക് ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താരം അബദ്ധത്തിൽ പിന്നിലേക്ക് വീഴുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് വൈറലായത്. എന്നാൽ, ചുറ്റുമുള്ളവർ അമ്പരന്നു നിൽക്കുമ്പോൾ ഒരു പുഞ്ചിരിയോടെ ഉടൻ തന്നെ എഴുന്നേൽക്കുന്ന നാഗ ചൈതന്യയെയും വീഡിയോയിൽ കാണാൻ സാധിക്കും.

വീഡിയോ വൈറലായതോടെ പരിപാടിയുടെ സംഘാടകർക്കെതിരെ രൂക്ഷമായ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇത്രയധികം താരങ്ങളും ആളുകളും പങ്കെടുക്കുന്ന ഒരു വലിയ വേദിയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളോ പരിശോധനകളോ നടത്തിയില്ലേ എന്നതാണ് ആരാധകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. താരങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ച കാണിച്ച സംഘാടകർ ഇതിന് മറുപടി പറയണമെന്നും ഇത്തരം പിഴവുകൾ ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തുന്നത്.

2023-ൽ പുറത്തിറങ്ങിയ സൂപ്പർനാച്ചുറൽ ത്രില്ലർ 'വിരൂപാക്ഷ'യുടെ സംവിധായകൻ ഒരുക്കുന്ന പുതിയ ചിത്രമാണ് 'വൃഷകർമ്മ'. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജയറാം, സ്പർശ് ശ്രീവാസ്തവ, സത്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. സുകുമാർ റൈറ്റിംഗ്സിനൊപ്പം ചേർന്ന് ശ്രീ വെങ്കടേശ്വര സിനി ചിത്രയുടെ ബാനറിൽ ബി.വി.എസ്.എൻ. പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. രാഗുൽ ഡി. ഹെരിയൻ ഛായാഗ്രഹണവും ബി. അജനീഷ് ലോക്നാഥ് സംഗീതവും നിർവഹിക്കുന്നു. നവീൻ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Similar News