പരിപാടികളിൽ ലിപ്-സിങ്ക് ചെയത് പാടുന്നതിൽ അർഥമില്ല, അതിൽ കഠിനാധ്വാനമില്ല; ഗായകരെ രൂക്ഷമായി വിമർശിച്ച് ഗായിക ശ്രേയ ഘോഷാൽ,

അതൊരു അലസമായ പ്രവൃത്തിയാണ്. നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നില്ല, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, അതൊരു നല്ല സമീപനമല്ല." സ്ഥിരമായൊരു നിലവാരം പുലർത്താതെ, ഇഷ്ടമുള്ള രീതിയിൽ പ്രകടനം നടത്തുന്ന ഗായകരുടെ മനോഭാവത്തോടും അവർ എതിർപ്പ് രേഖപ്പെടുത്തി

Update: 2026-03-06 05:09 GMT

സംഗീതകച്ചേരികളുടെ യഥാർത്ഥ ആസ്വാദനം അതിലെ ഗായകർ നേരിട്ട് പാടുമ്പോൾ ലഭിക്കുന്ന അനുഭൂതിയിലാണ്. എന്നാൽ, പല ഗായകരും ലൈവായി പാടുന്നതിന് പകരം ലിപ്-സിങ്ക് (lip-syncing) ചെയ്യുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട്. ഇപ്പോഴിതാ, കച്ചേരികളിൽ ലിപ്-സിങ്ക് ചെയ്യുന്ന പ്രവണതയ്ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് സംഗീതരംഗത്തെ ഈ അലസമായ രീതിയെക്കുറിച്ച് അവർ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. "ഇതൊരു അലസമായ പ്രവൃത്തിയാണ്. നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നില്ല, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അതൊരു നല്ല സമീപനമല്ല," എന്നാണ് ശ്രേയ തുറന്നടിച്ചത്.

കലാകാരി എന്ന നിലയിൽ തനിക്ക് ചില നിബന്ധനകളുണ്ടെന്നും, സ്വന്തം പ്രകടനത്തിൽ താൻ തന്നെ സംതൃപ്തയല്ലെങ്കിൽ അത് പൊതുവേദിയിൽ അവതരിപ്പിക്കുന്നത് തനിക്ക് നാണക്കേടാണെന്നും ശ്രേയ പറഞ്ഞു. വലിയ നേട്ടങ്ങൾ കൈവരിച്ചു എന്ന് കരുതി നിസ്സാരമായി കാര്യങ്ങളെ കാണരുത്. ഓരോ ദിവസവും കഠിനാധ്വാനം ചെയ്യണമെന്നും, ഒരു ലൈവ് പ്രകടനം പരാജയപ്പെട്ടാൽ അത് കലാകാരനിൽ അസ്വസ്ഥത ഉണ്ടാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. സ്ഥിരമായൊരു നിലവാരം പുലർത്താതെ ഇഷ്ടമുള്ള രീതിയിൽ പ്രകടനം നടത്തുന്ന ഗായകരുടെ മനോഭാവത്തോട് തനിക്ക് വലിയ എതിർപ്പാണെന്നും അവർ വ്യക്തമാക്കി.

പ്രശസ്ത ഗായകൻ എ.പി. ധില്ലൻ ‘ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യിൽ തന്റെ ജനപ്രിയ ഗാനമായ 'വിത്ത് യൂ' ലിപ്-സിങ്ക് ചെയ്തത് നേരത്തെ വലിയ വിവാദമായിരുന്നു. ഷോയിൽ ലൈവായി പാടാത്തതിന് അദ്ദേഹത്തിനെതിരെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ വിമർശനങ്ങളുയർന്നിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ സംഗീതലോകത്ത് സജീവചർച്ചയായിരിക്കുമ്പോഴാണ് ശ്രേയ ഘോഷാലിന്റെ ഈ പ്രതികരണം വരുന്നത്.

പതിനാറാം വയസ്സിൽ സഞ്ജയ് ലീലാ ഭൻസാലി സംവിധാനം ചെയ്ത 'ദേവദാസ്' എന്ന ചിത്രത്തിലൂടെയാണ് ശ്രേയ ഘോഷാൽ പ്ലേബാക്ക് ഗാനരംഗത്തേക്ക് വരുന്നത്. മികച്ച വനിതാ പ്ലേബാക്ക് ഗായികയ്ക്കുള്ള ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ അവർ, ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൽമാൻ ഖാൻ അഭിനയിച്ച 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന ചിത്രത്തിലും തന്റെ ശബ്ദ സാന്നിധ്യം അറിയിക്കാൻ അവർക്ക് സാധിച്ചു.

Similar News