എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് തെലുങ്കാനയിലും ഉണ്ടെടാ പിടി : അല്ലു അർജുന്റെ സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മലയാളീ താരം ബേസിൽ ജോസഫ്

ഹൈദരാബാദിലെ അല്ലു സ്റ്റുഡിയോസിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു

Update: 2026-03-06 05:04 GMT

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെയും നയനിക റെഡ്ഡിയുടെയും വിവാഹത്തിന് മുന്നോടിയായി ഹൈദരാബാദിൽ നടന്ന പ്രീ-വെഡ്ഡിങ് റിസപ്ഷൻ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഹൈദരാബാദിലെ അല്ലു സ്റ്റുഡിയോസിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ബാലകൃഷ്ണ, രാം ചരൺ, നാനി, സംവിധായകൻ സുകുമാർ തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലെ ഒട്ടേറെ പ്രമുഖർ നവദമ്പതികൾക്ക് ആശംസകളുമായി ചടങ്ങിലെത്തിയിരുന്നു.

ഇവരുടെ കൂട്ടത്തിൽ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും വലിയ കൗതുകമാണ് ഉണർത്തിയത്. അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയ്ക്കും വധൂവരന്മാർക്കുമൊപ്പം ബേസിൽ ജോസഫ് നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പച്ച നിറത്തിലുള്ള കോട്ടും കറുത്ത വസ്ത്രവും അണിഞ്ഞ് അതീവ സ്റ്റൈലിഷ് ലുക്കിലാണ് ബേസിൽ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.

ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ബേസിൽ ജോസഫും അല്ലു അർജുനും തമ്മിൽ പുതിയൊരു സിനിമയ്ക്കായി ഒന്നിക്കുന്നുണ്ടോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. നേരത്തെ അല്ലു അർജുനെ നായകനാക്കി ബേസിൽ ഒരു ചിത്രം സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും അത് നടന്നില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ഇരുവരും ഒരു വേദിയിൽ ഒന്നിച്ചെത്തിയത് പുതിയൊരു സഹകരണത്തിന്റെ സൂചനയാണോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എങ്കിലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. എന്തായാലും തെലുങ്ക് സിനിമാ ലോകത്ത് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട ഈ പ്രീ-വെഡ്ഡിങ് റിസപ്ഷനിൽ മലയാളത്തിന്റെ അഭിമാനമായ ബേസിൽ ജോസഫിന്റെ സാന്നിധ്യം ഏവർക്കും സന്തോഷം നൽകുന്ന ഒന്നായി മാറി.

Similar News