ജാതി മാറി വിവഹം കഴിച്ചതിന്റെ പേരിൽ കുടുംബ കലഹം ;ലൈവിൽ ആത്മഹത്യാ ഭീഷണിയുമായി പ്രമുഖ യൂട്യൂബർ അനുരാഗ് ദൊഭാൽ

; കുടുംബപ്രശ്നങ്ങൾ തുറന്നുപറഞ്ഞ വീഡിയോ വൈറലായതിന് പിന്നാലെ സഹോദരന്റെ ആരോപണവും

Update: 2026-03-06 04:56 GMT

പ്രമുഖ യൂട്യൂബർ 'ദി യുകെ 07 റൈഡർ' എന്നറിയപ്പെടുന്ന അനുരാഗ് ദൊഭാൽ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിഗ് ബോസ് ഹിന്ദി സീസൺ 17-ലെ മത്സരാർത്ഥിയായിരുന്ന അനുരാഗ്, തന്റെ യൂട്യൂബ് ചാനലിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ടുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 7.83 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള അനുരാഗിന്റെ ഈ വീഡിയോ വെറും 20 മണിക്കൂർ കൊണ്ട് 36 ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. താൻ കടന്നുപോകുന്ന കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചും കുടുംബ പ്രശ്നങ്ങളെക്കുറിച്ചും വീഡിയോയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

മറ്റൊരു ജാതിയിൽപ്പെട്ട തന്റെ ആരാധികയായ റിതികയെ വിവാഹം കഴിച്ചതിന് ശേഷം കുടുംബത്തിൽ നിന്ന് കടുത്ത എതിർപ്പുകളും അപമാനങ്ങളും നേരിടേണ്ടി വന്നുവെന്ന് അനുരാഗ് വീഡിയോയിൽ വെളിപ്പെടുത്തുന്നു. വിവാഹത്തിന് ആറ് ദിവസം മുൻപ് മാത്രമാണ് മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലെന്നും വിവാഹം തങ്ങൾക്ക് താല്പര്യമില്ലെന്നും അറിയിച്ചത്. ബന്ധുക്കളുടെ മുന്നിൽ വെച്ച് മാതാപിതാക്കളുടെ കാൽപിടിച്ച് കെഞ്ചിയിട്ടും അവർ വഴങ്ങിയില്ലെന്നും, തുടർന്ന് ഒറ്റയ്ക്കാണ് താൻ വിവാഹം നടത്തിയതെന്നും അനുരാഗ് പറയുന്നു. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

വിവാഹത്തിന് ശേഷം ഭാര്യ റിതികയും തന്നെ ഉപേക്ഷിച്ച് പോയതോടെ താൻ കടുത്ത വിഷാദത്തിലാണെന്ന് താരം പറയുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി താൻ ഒന്നും കഴിച്ചിട്ടില്ലെന്നും മനസ്സ് ആകെ അസ്വസ്ഥമാണെന്നും താരം വീഡിയോയിൽ വ്യക്തമാക്കുന്നു. ഈ വീഡിയോയ്ക്ക് ശേഷം താൻ അപ്രത്യക്ഷനായേക്കാമെന്നും, തന്റെ നിലവിലെ അവസ്ഥയ്ക്ക് ഉത്തരവാദികൾ മറ്റുള്ളവരാണെന്നും താരം സൂചിപ്പിക്കുന്നു. പ്രിയപ്പെട്ട വ്ലോഗറുടെ ദുരവസ്ഥ കണ്ട് ആരാധകർ വലിയ ആശങ്കയിലാണ്, ആയിരക്കണക്കിന് പേരാണ് പിന്തുണ അറിയിച്ച് കമന്റുകൾ ചെയ്യുന്നത്.

അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ അനുരാഗിന്റെ സഹോദരനും യൂട്യൂബറുമായ കലാം ഇങ്ക് രംഗത്തെത്തിയത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. അനുരാഗിന്റെ വെളിപ്പെടുത്തലുകൾ വ്യാജമാണെന്നും, സോഷ്യൽ മീഡിയയിൽ ശ്രദ്ധ ലഭിക്കാനായി മാത്രം ചെയ്ത നാടകമാണിതെന്നുമാണ് സഹോദരന്റെ ആരോപണം. കുടുംബപ്രശ്നങ്ങളെക്കുറിച്ചുള്ള അനുരാഗിന്റെ വാദങ്ങൾ തള്ളിക്കൊണ്ടുള്ള ഈ പ്രതികരണം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Similar News