നീലാങ്കരൈയിലുള്ള വിജയ്‌യുടെ കടൽത്തീര ബംഗ്ലാവിൽ അവകാശം വേണമെന്ന് സംഗീത

ഏകദേശം 100 കോടി രൂപ വിലമതിക്കുന്നതും ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ ബീച്ച് ഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്

Update: 2026-03-11 07:01 GMT

തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ ദാമ്പത്യജീവിതം വലിയൊരു നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നത് തെന്നിന്ത്യൻ സിനിമാ-രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെ, നീലാങ്കരൈയിലുള്ള വിജയ്‌യുടെ കടൽത്തീര ബംഗ്ലാവിൽ താമസിക്കാനുള്ള തന്റെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സംഗീത ചെങ്കൽപ്പേട്ട് ജില്ലാ കോടതിയെ സമീപിച്ചു. ഏകദേശം 100 കോടി രൂപ വിലമതിക്കുന്നതും ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ ബീച്ച് ഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതുമായ ഈ ആഡംബര വസതിയുടെ ഉടമസ്ഥാവകാശത്തിനായാണ് സംഗീതയുടെ പോരാട്ടം. കഴിഞ്ഞയാഴ്ച വിവാഹമോചന ഹർജി ഫയൽ ചെയ്ത സംഗീത, വിജയ് മറ്റൊരു നടിയുമായി 2021 മുതൽ ഒരുമിച്ച് താമസിക്കുകയാണെന്ന ഗുരുതര ആരോപണവും കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.

'തമിഴക വെട്രി കഴകം' (TVK) എന്ന പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനിരിക്കുന്ന വിജയ്‌യെ സംബന്ധിച്ചിടത്തോളം ഈ വ്യക്തിപരമായ തർക്കങ്ങൾ വലിയ തിരിച്ചടിയാണ്. അടുത്തിടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിരക്കിൽപ്പെട്ട് 39 പേർ മരിച്ച സംഭവം പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ജീവിതത്തിലെ ഈ നിയമയുദ്ധങ്ങളും പുറത്തുവരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന രണ്ടാമത്തെ സെലിബ്രിറ്റിയായ വിജയ്, 2024 സാമ്പത്തിക വർഷത്തിൽ മാത്രം 80 കോടി രൂപയാണ് മുൻകൂർ നികുതിയായി അടച്ചത്. ഷാരൂഖ് ഖാന് തൊട്ടുപിന്നാലെയാണ് സാമ്പത്തിക ഭദ്രതയിൽ വിജയ്‌യുടെ സ്ഥാനം.

ഏകദേശം 474 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് കണക്കാക്കപ്പെടുന്ന വിജയ്‌യുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് സിനിമകളാണ്. ഒരു ചിത്രത്തിന് 130 കോടി മുതൽ 200 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരം, തന്റെ ഒടുവിൽ പുറത്തിറങ്ങിയ 'GOAT' എന്ന ചിത്രത്തിനായി 200 കോടി രൂപയാണ് കൈപ്പറ്റിയത്. സിനിമകൾക്ക് പുറമെ ആഗോള ബ്രാൻഡുകളുടെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനവും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും അദ്ദേഹത്തിനുണ്ട്. ബിഎംഡബ്ല്യു എക്സ് 5, റേഞ്ച് റോവർ ഇവോക്ക് തുടങ്ങി വിലപിടിപ്പുള്ള ആഡംബര കാറുകളുടെ വൻ ശേഖരവും വിജയ്‍ക്കുണ്ട്. എന്നാൽ ഈ സമ്പത്തിനും പ്രശസ്തിക്കുമിടയിൽ, വർഷങ്ങൾ നീണ്ട ദാമ്പത്യം തകർച്ചയുടെ വക്കിലെത്തിയത് തമിഴ് സിനിമാ ലോകത്തെ വലിയ ചർച്ചാവിഷയമായി തുടരുകയാണ്. വിജയ്‍യുടെ രാഷ്ട്രീയ ഭാവിയെ ഈ വിവാദങ്ങൾ എങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.

Similar News