ബാലയുമായുള്ള ബന്ധം തകർന്നതിന് ശേഷം വർഷങ്ങളോളം താൻ അനുഭവിച്ച വേദനകൾക്കും ഒറ്റപ്പെടലിനും ഇടയിൽ ഒരാൾ തന്നെ പിന്തുണയ്ക്കാൻ എത്തിയത് വലിയ ആശ്വാസമായിരുന്നുവെന്ന് അമൃത

. ഒരു മരുമകൻ എന്ന നിലയിൽ അച്ഛന്റെ അവസാന കർമ്മങ്ങൾ ചെയ്യാനും കൊള്ളി വെക്കാനുമുള്ള യോഗം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഒരു മകനെപ്പോലെ കൂടെ നിന്ന അദ്ദേഹത്തെ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അമൃത പറഞ്ഞു

Update: 2026-03-11 07:08 GMT

ഗായിക അമൃത സുരേഷിന്റെ വ്യക്തിജീവിതവും സംഗീതയാത്രയും എന്നും മലയാളികൾക്കിടയിൽ സജീവ ചർച്ചാവിഷയമാണ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ അമൃതയുടെ ജീവിതം പലപ്പോഴും വലിയ വിവാദങ്ങളിലൂടെയും നിയമപോരാട്ടങ്ങളിലൂടെയുമാണ് കടന്നുപോയത്. നടൻ ബാലയുമായുള്ള വിവാഹവും തുടർന്നുള്ള വേർപിരിയലുമായിരുന്നു ഇതിൽ പ്രധാനം. 2010-ൽ നടന്ന ഇവരുടെ വിവാഹബന്ധം ഏറെ അസ്വാരസ്യങ്ങൾക്കൊടുവിൽ 2019-ൽ നിയമപരമായി വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിലെ മകളുടെ സംരക്ഷണാവകാശത്തെച്ചൊല്ലിയും ബാല ഉന്നയിച്ച ആരോപണങ്ങളെച്ചൊല്ലിയും ഇന്നും നീണ്ടുനിൽക്കുന്ന നിയമയുദ്ധങ്ങൾ അമൃതയുടെ ജീവിതത്തിൽ വലിയ തോതിലുള്ള മാനസിക സമ്മർദ്ദങ്ങളാണ് ഉണ്ടാക്കിയത്. ബാലയുമായുള്ള വർഷങ്ങൾ നീണ്ട ദാമ്പത്യത്തിൽ താൻ അനുഭവിച്ച മാനസിക പ്രയാസങ്ങളെക്കുറിച്ചും ബഹുമാനമില്ലായ്മയെക്കുറിച്ചും പലപ്പോഴും അമൃത തുറന്നുപറഞ്ഞിട്ടുണ്ട്.

ബാലയുമായുള്ള വേർപിരിയലിന് ശേഷം സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണങ്ങളെക്കുറിച്ച് അമൃത മനസ്സ് തുറക്കുകയാണ്. ബാലയുമായുള്ള ബന്ധം തകർന്നതിന് ശേഷം വർഷങ്ങളോളം താൻ അനുഭവിച്ച വേദനകൾക്കും ഒറ്റപ്പെടലിനും ഇടയിൽ ഒരാൾ തന്നെ പിന്തുണയ്ക്കാൻ എത്തിയത് വലിയ ആശ്വാസമായിരുന്നുവെന്ന് അമൃത പറയുന്നു. ഗോപി സുന്ദറുമായുള്ള ബന്ധം മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ രണ്ടുപേരും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടുകാരുമായി തനിക്ക് അടുത്ത ബന്ധമായിരുന്നുവെന്നും, അന്നത്തെ ആ വൈകാരിക നിമിഷങ്ങളെ ഒരിക്കലും തള്ളിപ്പറയാൻ കഴിയില്ലെന്നും അമൃത വ്യക്തമാക്കി. ഗോപി സുന്ദറിന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെയാണ് താൻ കണ്ടിരുന്നതെന്നും ആ സ്നേഹം ജെനുവിൻ ആയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ അച്ഛന്റെ മരണസമയത്ത് ഗോപി സുന്ദർ നൽകിയ പിന്തുണയെക്കുറിച്ച് ഏറെ വൈകാരികമായാണ് അമൃത സംസാരിച്ചത്. ഒരു മരുമകൻ എന്ന നിലയിൽ അച്ഛന്റെ അവസാന കർമ്മങ്ങൾ ചെയ്യാനും കൊള്ളി വെക്കാനുമുള്ള യോഗം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഒരു മകനെപ്പോലെ കൂടെ നിന്ന അദ്ദേഹത്തെ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അമൃത പറഞ്ഞു. ഒരുപക്ഷേ ആ ഒരു വർഷത്തെ പ്രതിസന്ധി ഘട്ടത്തിൽ തന്റെ ജീവിതത്തിൽ താങ്ങായി നിൽക്കാൻ വേണ്ടിയാകാം അദ്ദേഹം വന്നതെന്ന് അമൃത കരുതുന്നു. എന്നാൽ പിന്നീട് ഒരുമിച്ച് മുന്നോട്ട് പോകാൻ പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോൾ രണ്ടുപേരും കൂടി എടുത്ത തീരുമാനമായിരുന്നു വേർപിരിയൽ എന്നത്. ബാലയുമായുള്ള വിവാഹജീവിതത്തിൽ അനുഭവിച്ച പീഡനങ്ങളിൽ നിന്നും ബഹുമാനമില്ലായ്മയിൽ നിന്നും മോചനം ആഗ്രഹിച്ച സമയത്ത് ലഭിച്ച ആ സപ്പോർട്ട് വലുതായിരുന്നുവെന്നും, ഇന്നും അദ്ദേഹം തന്നെ ഉപദ്രവിക്കുന്നില്ലെന്നും അമൃത ഓർത്തെടുത്തു.

നിലവിൽ ഗോപി സുന്ദറുമായി വലിയ തോതിലുള്ള ആശയവിനിമയങ്ങൾ ഇല്ലെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അമൃത വ്യക്തമാക്കി. ജന്മദിനങ്ങളിലും മറ്റും സന്ദേശങ്ങൾ കൈമാറാറുണ്ടെങ്കിലും അവസാനിച്ച ഒരു ബന്ധത്തെ വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നില്ല. ബാലയുമായുള്ള നിയമപോരാട്ടങ്ങൾക്കിടയിലും സ്വന്തം കരിയറിലും മകളുടെ വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അമൃത പറഞ്ഞു.

Similar News