പ്രണയ വിവാഹം ഡിവോയ്‌സിൽ കലാശിച്ചു ഒടുവിൽ "ആത്മഹത്യയുടെ വക്കിലായിരുന്നു, ഇന്ന് യാത്ര ബസിലും ഓട്ടോയിലും"; ജീവിതത്തിലെ തകർച്ചയെയും അതിജീവനത്തെയും കുറിച്ച് ഭഗത് മാനുവൽ

"വിവാഹമോചനം തളർത്തി, മദ്യപാനത്തിന് അടിമയായി; സുഹൃത്തുക്കളാണ് എന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്"

Update: 2026-03-11 06:36 GMT

തന്റെ ജീവിതത്തിലെ പ്രതിസന്ധികളെയും അതിജീവനത്തെയും കുറിച്ച് നടൻ ഭഗത് മാനുവൽ തുറന്നുപറയുന്നു. വിവാഹമോചനവും അതിനെത്തുടർന്നുണ്ടായ സാമ്പത്തിക-കുടുംബ പ്രശ്നങ്ങളും തന്നെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിന് ശേഷമായിരുന്നു ഭഗത്തിന്റെ വിവാഹം. പ്രണയവിവാഹമായിരുന്നിട്ടും അത് വേർപിരിയലിൽ കലാശിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും, ആ ആഘാതത്തിൽ മദ്യപാനത്തിന് അടിമയായി ജീവിതം താളംതെറ്റിയതായും അദ്ദേഹം പറഞ്ഞു. നക്സലൈറ്റായിരുന്ന തന്റെ അച്ഛൻ പിന്നീട് ആത്മീയ വഴിയിലേക്ക് മാറിയ ആളാണെന്നും, അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്ന തനിക്ക് വിവാഹമോചനം ഉൾക്കൊള്ളാൻ പ്രയാസമായിരുന്നുവെന്നും ഭഗത് ഓർത്തെടുത്തു.

തന്റെ തകർച്ചയുടെ കാലത്ത് സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ സംവിധായകൻ മനു, ജിയോ എന്നിവർ കൂടെനിന്ന് സംരക്ഷിച്ചു. നിവിൻ പോളി, അജു വർഗീസ്, മിഥുൻ തുടങ്ങിയ സുഹൃത്തുക്കൾ നൽകുന്ന പിന്തുണയും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ വിവാഹത്തിലെ മകൻ തനിക്കൊപ്പമാണെന്നും അവനെ വളർത്തിയത് തന്റെ മാതാപിതാക്കളാണെന്നും ഭഗത് വ്യക്തമാക്കി. ഇപ്പോൾ വീട്ടുക്കാർ ആലോചിച്ചുറപ്പിച്ച മറ്റൊരു വിവാഹം കഴിഞ്ഞ് ഏഴ് വർഷമായെന്നും ആ ബന്ധത്തിൽ ഒരു മകനുണ്ടെന്നും താരം പറഞ്ഞു.

കോവിഡ് കാലഘട്ടം തന്റെ സാമ്പത്തിക അടിത്തറ തകർത്തതായും ഭഗത് വെളിപ്പെടുത്തി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കൈവശമുണ്ടായിരുന്ന വാഹനം വിൽക്കേണ്ടി വന്നു. അമ്മയുടെ ചികിത്സയ്ക്കായി വലിയ തുക ചെലവായതും പ്രതിസന്ധി കൂട്ടി. ഇപ്പോൾ ഓട്ടോയിലും ബസിലുമൊക്കെ യാത്ര ചെയ്താണ് ഷൂട്ടിംഗ് സെറ്റുകളിലേക്ക് പോകുന്നതെന്നും, കോവിഡിന് ശേഷം സാധാരണക്കാരായ പല നടന്മാരുടെയും അവസ്ഥ ഇതുതന്നെയാണെന്നും ഭഗത് മാനുവൽ ഷെഫ് നളന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Similar News