നടി കലാഭവൻ സരിഗയ്ക്ക് ഹസ്തദാനം നിഷേധിച്ചു; നടൻ ശങ്കറിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
പുരസ്കാര വേദിയിലെ അവഗണന ചർച്ചയാകുന്നു; കാൽതൊട്ടു വന്ദിച്ചിട്ടും പ്രതികരിക്കാതെ താരം
പുരസ്കാര വേദിയിലെ അവഗണന ചർച്ചയാകുന്നു; കാൽതൊട്ടു വന്ദിച്ചിട്ടും പ്രതികരിക്കാതെ താരം
കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന അന്തരിച്ച നടൻ കലാഭവൻ മണിയുടെ അനുസ്മരണ ചടങ്ങിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ മികവിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ നടി കലാഭവൻ സരിഗയ്ക്ക് ഹസ്തദാനം നൽകാൻ വേദിയിലുണ്ടായിരുന്ന നടൻ ശങ്കർ തയ്യാറാകാത്തതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ചടങ്ങിൽ സംവിധായകൻ വിനയൻ ശിൽപവും ശങ്കർ പ്രശസ്തി പത്രവുമാണ് കൈമാറിയത്. പുരസ്കാരം സ്വീകരിച്ച ശേഷം സരിഗ രണ്ടുതവണ ഹസ്തദാനത്തിനായി കൈനീട്ടിയെങ്കിലും ശങ്കർ അത് നിരസിക്കുകയായിരുന്നു. തുടർന്ന് സരിഗ താരത്തിന്റെ കാൽതൊട്ടു വന്ദിച്ച ശേഷമാണ് വേദി വിട്ടത്. ഹസ്തദാനം നൽകാൻ മടിച്ച താരം, സരിഗ കാൽതൊട്ടു വന്ദിച്ചപ്പോൾ എതിർപ്പൊന്നും പ്രകടിപ്പിച്ചതുമില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ശങ്കറിനെതിരേ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. സരിഗയെ താരം പരസ്യമായി അപമാനിച്ചുവെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാൽ ഹസ്തദാനം നൽകണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് നടനെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത 'ബാഡ് ബോയ്‌സ്' എന്ന ചിത്രത്തിലാണ് ശങ്കർ ഒടുവിലായി അഭിനയിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത ഹൊറർ-ത്രില്ലർ ചിത്രം 'എറിക്' കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്.