മൊണാലിസ ഭോസ്‌ലയുടെ വിവാഹം: കുടുംബങ്ങളുടെ പിന്തുണയില്ല; അംഗീകരിക്കില്ലെന്ന് ഇരുവരുടെയും രക്ഷിതാക്കൾ
കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസ ഭോസ്‌ലയുടെയും നടൻ ഫർമാൻ ഖാന്റെയും വിവാഹത്തെ തള്ളിപ്പറഞ്ഞ് ഇരു കുടുംബങ്ങളും രംഗത്ത്
കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസ ഭോസ്‌ലയുടെയും നടൻ ഫർമാൻ ഖാന്റെയും വിവാഹത്തെ തള്ളിപ്പറഞ്ഞ് ഇരു കുടുംബങ്ങളും രംഗത്ത്. കേരളത്തിൽ വെച്ച് നടന്ന ഇവരുടെ വിവാഹം വലിയ വാർത്തയായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ തങ്ങൾക്ക് യാതൊരു താല്പര്യവുമില്ലെന്നും തങ്ങളുടെ അനുവാദമില്ലാതെയാണ് വിവാഹം നടന്നതെന്നും മൊണാലിസയുടെയും ഫർമാന്റെയും മാതാപിതാക്കൾ വ്യക്തമാക്കി. മകൾ ഇത്തരമൊരു തീരുമാനമെടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും, അഭിനയിക്കാൻ വേണ്ടിയാണ് അവൾ പോയതെന്നാണ് കരുതിയതെന്നുമാണ് മധ്യപ്രദേശ് സ്വദേശിയായ മൊണാലിസയുടെ പിതാവ് ജയ് സിങ് ഭോസ്‌ലെ പ്രതികരിച്ചത്.
മതപരമായ വ്യത്യാസങ്ങളാണ് ഫർമാൻ ഖാന്റെ കുടുംബത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഫർമാൻ ചെയ്തത് വലിയ തെറ്റാണെന്നും ഈ വിവാഹം ഒരിക്കലും അംഗീകരിക്കില്ലെന്നും പിതാവ് ജാഫർ അലി പറഞ്ഞു. "ഞങ്ങൾ മുസ്ലിം ജാട്ടുകളാണ്, പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയാണ്. ഇത് ഭാവിയിൽ കുടുംബത്തിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കണ്ടപ്പോഴാണ് ഞങ്ങൾ വിവരം അറിഞ്ഞത്. നാട്ടിൽ വരുമ്പോഴൊന്നും ഇത്തരമൊരു പ്രണയത്തെക്കുറിച്ച് അവൻ സൂചിപ്പിച്ചിട്ടില്ല," ജാഫർ അലി വ്യക്തമാക്കി. ഫർമാന്റെ സഹോദരൻ ഷമാദും വിവാഹത്തോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
ഒരു മലയാള സിനിമയിൽ നായികയായി അഭിനയിക്കാൻ കേരളത്തിലെത്തിയപ്പോഴാണ് മൊണാലിസ അതേ ചിത്രത്തിലെ നടനായ ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനുമായി പ്രണയത്തിലാകുന്നത്. ആറ് മാസത്തെ പ്രണയത്തിനൊടുവിൽ തങ്ങൾ വിവാഹിതരായെന്നും മൊണാലിസയ്ക്ക് 18 വയസ്സ് തികഞ്ഞതായും ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരുമായ ഇവരുടെ വിവാഹം കുടുംബങ്ങൾക്കിടയിൽ വലിയ വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത്. സിനിമയിൽ ഒന്നിച്ച് പ്രവർത്തിച്ചവർ ജീവിതത്തിലും ഒന്നിച്ചെങ്കിലും കുടുംബങ്ങളുടെ പിന്തുണയില്ലാതെ ഇവർക്ക് മുന്നോട്ട് പോകേണ്ടി വരുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.