വൈരമുത്തുവിന് ജ്ഞാനപീഠം; 'കവിചക്രവർത്തി'യെ അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ

കാൽനൂറ്റാണ്ടിനുശേഷമാണ് തമിഴ് സാഹിത്യത്തെ തേടി ഈ പരമോന്നത പുരസ്കാരമെത്തുന്നതെന്ന് കമൽഹാസൻ എക്സിൽ കുറിച്ചു. വൈരമുത്തുവിനെ 'കവികളിലെ ചക്രവർത്തി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജയകാന്തനുശേഷം തമിഴ് സാഹിത്യലോകത്തിന് ലഭിച്ച ഈ വലിയ അംഗീകാരം ഭാഷയ്ക്ക് തന്നെ അഭിമാനമാണെന്നും തന്റെ പ്രിയ സുഹൃത്തിനെ അഭിനന്ദിക്കുന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു

Update: 2026-03-14 15:13 GMT

തമിഴ് സാഹിത്യത്തിനും സിനിമാ ലോകത്തിനും അഭിമാനമായി ജ്ഞാനപീഠ പുരസ്കാരം നേടിയ കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിനെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. കാൽനൂറ്റാണ്ടിനുശേഷമാണ് തമിഴ് സാഹിത്യത്തെ തേടി ഈ പരമോന്നത പുരസ്കാരമെത്തുന്നതെന്ന് കമൽഹാസൻ എക്സിൽ കുറിച്ചു. വൈരമുത്തുവിനെ 'കവികളിലെ ചക്രവർത്തി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജയകാന്തനുശേഷം തമിഴ് സാഹിത്യലോകത്തിന് ലഭിച്ച ഈ വലിയ അംഗീകാരം ഭാഷയ്ക്ക് തന്നെ അഭിമാനമാണെന്നും തന്റെ പ്രിയ സുഹൃത്തിനെ അഭിനന്ദിക്കുന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് വൈരമുത്തുവിന് ജ്ഞാനപീഠം ലഭിച്ചത്. തമിഴിൽ നിന്ന് ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം. 1975-ൽ അകിലനും 2002-ൽ ജയകാന്തനുമാണ് ഇതിനുമുൻപ് തമിഴിൽ നിന്ന് ജ്ഞാനപീഠം നേടിയ എഴുത്തുകാർ. തമിഴ് സാഹിത്യത്തിന്റെ ദീർഘകാല പാരമ്പര്യം ഉയർത്തിപ്പിടിച്ച വൈരമുത്തുവിന്റെ രചനകൾ ഓരോ തമിഴനും സുപരിചിതമാണെന്ന് കമൽഹാസൻ ഓർമ്മിപ്പിച്ചു. തങ്ങളുടെ സൗഹൃദവും വൈരമുത്തുവിന്റെ കവിതകളിലെ വരികളും കമൽ തന്റെ കുറിപ്പിൽ പ്രത്യേകം പരാമർശിച്ചു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യ-സിനിമാ ജീവിതമാണ് വൈരമുത്തുവിന്റേത്. 1980-ൽ ഭാരതിരാജയുടെ 'നിഴൽകൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് പ്രവേശിച്ചത്. ഇതുവരെ 7,500-ലധികം പാട്ടുകളും കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഏഴ് തവണ ദേശീയ പുരസ്കാരവും ആറ് തവണ തമിഴ്നാട് സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹം പത്മശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് എന്നിവയ്ക്കും അർഹനായിട്ടുണ്ട്. സമ്പുഷ്ടമായ ഈ സാഹിത്യ സംഭാവനകൾക്കുള്ള കിരീടമായാണ് ഇപ്പോൾ ജ്ഞാനപീഠം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

Similar News