ഒടുവിൽ ഒടിടിയിലും 'പെണ്ണുകേസ്' വീണു; നിഖില വിമലിന് 'പുച്ഛം സ്റ്റാർ' പട്ടം നൽകി ട്രോളന്മാർ
തിയേറ്ററുകളിൽ വലിയ തരംഗമുണ്ടാക്കാൻ കഴിയാതിരുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നേരിടുന്നത്. പ്രധാനമായും സിനിമയുടെ തിരക്കഥയിലെ പോരായ്മകളാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ജനുവരിയിൽ തിയേറ്ററുകളിലെത്തിയ നിഖില വിമൽ ചിത്രം 'പെണ്ണുകേസ്' സമ്മിശ്ര പ്രതികരണങ്ങൾക്കൊടുവിൽ ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നു. തിയേറ്ററുകളിൽ വലിയ തരംഗമുണ്ടാക്കാൻ കഴിയാതിരുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നേരിടുന്നത്. പ്രധാനമായും സിനിമയുടെ തിരക്കഥയിലെ പോരായ്മകളാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വിവാഹ തട്ടിപ്പുകാരിയായ കേന്ദ്രകഥാപാത്രമായി നിഖില എത്തുമ്പോൾ, കഥാഗതിയിലുടനീളം പ്രകടമാകുന്ന കൃത്രിമത്വവും കെട്ടുറപ്പില്ലാത്ത ആഖ്യാനവുമാണ് ചിത്രത്തിന് തിരിച്ചടിയായത്. തിയേറ്റർ റിലീസ് സമയത്തുണ്ടായിരുന്നതിനേക്കാൾ രൂക്ഷമായ പ്രതികരണങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ സിനിമയ്ക്കെതിരെ ഉയരുന്നത്.
സിനിമയുടെ പരാജയത്തോടൊപ്പം തന്നെ പ്രധാന നായികയായ നിഖില വിമലിനെതിരെ ട്രോളുകളുടെ പെരുമഴയാണ് ഡിജിറ്റൽ ഇടങ്ങളിൽ ദൃശ്യമാകുന്നത്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഒരേ എക്സ്പ്രഷനാണ് താരം ഉപയോഗിക്കുന്നതെന്നും, നിഖില ഇപ്പോൾ 'പുച്ഛം സ്റ്റാർ' ആയി മാറിയിരിക്കുകയാണെന്നുമാണ് പരിഹാസം. പോലീസ് പിടികൂടുമ്പോഴും വിവാഹവേളയിലും എന്തിന് കരയുന്ന രംഗങ്ങളിൽ പോലും താരം പുച്ഛം നിറഞ്ഞ ഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് ട്രോളന്മാർ ആരോപിക്കുന്നു. 'പുച്ഛത്തിന്റെ ബ്രാൻഡ് അംബാസഡർ' എന്ന് വരെ വിശേഷിപ്പിക്കപ്പെടുന്ന നിഖില, സിനിമ പരാജയപ്പെട്ടെങ്കിലും ട്രോളൻമാരുടെ വകയായി വലിയ രീതിയിൽ 'എയറിലായി' ഇരിക്കുകയാണ്.