"അസുരനി"ൽ കണ്ടപ്പോൾ വേണ്ടെന്ന് വെച്ചു; ഇന്ന് അവൻ എന്നെ അത്ഭുതപ്പെടുത്തുന്നു: കെൻ കരുണാസിനെക്കുറിച്ച് ധനുഷ്
. ദേശീയ അവാർഡ് നേടിയ 'അസുരൻ' എന്ന ചിത്രത്തിലൂടെ ധനുഷിന്റെ മകനായി എത്തി പ്രേക്ഷകശ്രദ്ധ നേടിയ കെൻ കരുണാസ് ഇപ്പോൾ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്
ദേശീയ അവാർഡ് നേടിയ 'അസുരൻ' എന്ന ചിത്രത്തിലൂടെ ധനുഷിന്റെ മകനായി എത്തി പ്രേക്ഷകശ്രദ്ധ നേടിയ കെൻ കരുണാസ് ഇപ്പോൾ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.കെൻ സംവിധാനം ചെയ്ത 'യൂത്ത്' എന്ന ചിത്രം മാർച്ച് 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന വേളയിൽ, പ്രൊമോഷൻ ചടങ്ങിൽ ധനുഷ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്. അസുരന്റെ ഫോട്ടോഷൂട്ട് സമയത്ത് കെന്നിനെ കണ്ടപ്പോൾ തനിക്ക് ഒട്ടും തൃപ്തി തോന്നിയിരുന്നില്ലെന്നും, തന്റെ മകന്റെ വേഷം ചെയ്യാൻ കെന്നിന് കഴിയില്ലെന്ന് സംവിധായകൻ വെട്രിമാരനോട് നേരിട്ട് പറഞ്ഞിരുന്നതായും ധനുഷ് വെളിപ്പെടുത്തി. മറ്റാരെയെങ്കിലും നോക്കാമെന്ന് ധനുഷ് നിർബന്ധിച്ചെങ്കിലും വെട്രിമാരൻ നൽകിയ ആത്മവിശ്വാസത്തിലാണ് കെൻ ആ വേഷത്തിൽ തുടർന്നത്. എന്നാൽ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിംഗിൽ തന്നെ കെന്നിന്റെ മികച്ച പ്രകടനം കണ്ട് തന്റെ തീരുമാനം തെറ്റാണെന്ന് താൻ വെട്രിമാരനോട് തിരുത്തി പറഞ്ഞതായും ധനുഷ് ഓർത്തെടുത്തു.
ഷൂട്ടിംഗിന് ശേഷം തങ്ങൾ പബ്ജി ഗെയിമിലൂടെ ഉറ്റ സുഹൃത്തുക്കളായെന്നും ധനുഷ് പറഞ്ഞു. ഇത്രയും ചെറിയ പ്രായത്തിൽ സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന് കെൻ പറഞ്ഞപ്പോൾ താൻ ആദ്യം അത്ഭുതപ്പെട്ടുവെന്നും കുറച്ചുകൂടി കാലം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത ശേഷം മതി സംവിധാനമെന്ന് ഉപദേശിച്ചിരുന്നതായും താരം കൂട്ടിച്ചേർത്തു. എന്നാൽ ആ ഉപദേശം മറികടന്ന് സിനിമ പൂർത്തിയാക്കി തന്നെ ചടങ്ങിൽ അതിഥിയായി എത്തിച്ച കെന്നിന്റെ നിശ്ചയദാർഢ്യത്തെ ധനുഷ് പ്രശംസിച്ചു. "ചെറിയ പയ്യനാണ്, പക്ഷേ ഇത്രയും വലിയ ആത്മവിശ്വാസത്തോടെ സിനിമയെ സമീപിച്ച കെൻ തന്നെ അത്ഭുതപ്പെടുത്തി" എന്നാണ് ധനുഷ് പറഞ്ഞത്. അസുരനിലെ ചിദംബരം എന്ന കഥാപാത്രത്തിന് ശേഷം സംവിധായകനായി കെൻ എത്തുമ്പോൾ തമിഴ് സിനിമാ ലോകം വലിയ പ്രതീക്ഷയോടെയാണ് ഈ യുവപ്രതിഭയെ നോക്കിക്കാണുന്നത്.