2008 ൽ പുറത്തിറങ്ങിയ 'സ്ലംഡോഗ് മില്യണയറി'ൽ നിന്ന് ഇന്നും റോയൽറ്റി ലഭിക്കുന്നു ; അനിൽ കപൂർ
2008-ലെ ഓസ്കാർ പുരസ്‌കാരം വാരിക്കൂട്ടിയ ഈ ചിത്രം മുംബൈയിലെ ചേരിയിൽ വളർന്ന ഒരു യുവാവ് 'കോൻ ബനേഗ ക്രോർപതി' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതും തന്റെ ജീവിതാനുഭവങ്ങളിലൂടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതുമാണ് പ്രമേയമാക്കിയിരിക്കുന്നത്
ഡാനി ബോയിൽ സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ വിഖ്യാത ചലച്ചിത്രമായ ‘സ്ലംഡോഗ് മില്യണയറി’നെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുകൾ ഇപ്പോൾ ശ്രദ്ധേയമാകുന്നു. 2008-ലെ ഓസ്കാർ പുരസ്‌കാരം വാരിക്കൂട്ടിയ ഈ ചിത്രം മുംബൈയിലെ ചേരിയിൽ വളർന്ന ഒരു യുവാവ് 'കോൻ ബനേഗ ക്രോർപതി' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതും തന്റെ ജീവിതാനുഭവങ്ങളിലൂടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതുമാണ് പ്രമേയമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ക്വിസ് മാസ്റ്ററുടെ വേഷം അനശ്വരമാക്കിയ ബോളിവുഡ് താരം അനിൽ കപൂറിന് ഇന്നും ഈ സിനിമയിൽ നിന്ന് റോയൽറ്റി ലഭിക്കുന്നുണ്ടെന്ന വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്.
സിനിമ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഓരോ വർഷവും കൃത്യമായ തുക തനിക്ക് റോയൽറ്റിയായി ലഭിക്കുന്നുണ്ടെന്ന് അനിൽ കപൂർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ലോകമെമ്പാടും വലിയ തരംഗം സൃഷ്ടിച്ച ചിത്രമായതിനാൽ ടെലിവിഷൻ സംപ്രേക്ഷണത്തിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരു ഭാഗമാണ് താരത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹോളിവുഡ് നിർമ്മാണ രീതികളുടെ ഭാഗമായ ഇത്തരം റോയൽറ്റി കരാറുകൾ ഇന്ത്യൻ താരങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ട് ഓസ്കാർ അവാർഡുകൾ നേടിയ ഈ ചിത്രം എ.ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി തുടങ്ങിയ ഇന്ത്യക്കാർക്കും അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരങ്ങൾ നേടിക്കൊടുത്തിരുന്നു. ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു വിദേശ ചിത്രം ഇത്രയധികം വർഷങ്ങൾക്ക് ശേഷവും അതിന്റെ അണിയറപ്രവർത്തകർക്ക് സാമ്പത്തിക നേട്ടം നൽകുന്നത് ഹോളിവുഡിലെ സുതാര്യമായ കരാർ വ്യവസ്ഥകളുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. അനിൽ കപൂറിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.