പ്രൊഫഷണൽ ഷൂട്ടറായി സൂര്യ, പ്രണയിനിയായി മമിത; ശ്രദ്ധേയമായി വെങ്കി അട്‌ലൂരി ചിത്രത്തിന്റെ ടീസർ

നാൽപ്പതുകളിലുള്ള പ്രൊഫഷണൽ ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. ഇരുപതുകാരിയായ മമിതയുടെ കഥാപാത്രം പ്രണയാഭ്യർത്ഥന നടത്തുമ്പോൾ, പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി അത് നിരസിക്കുന്ന സൂര്യയുടെ കഥാപാത്രത്തെയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്

Update: 2026-03-16 16:48 GMT

സൂര്യയെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസി’ന്റെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ചിത്രം 'ലക്കി ഭാസ്കറി'ന്റെ വൻ വിജയത്തിന് ശേഷം വെങ്കി അട്‌ലൂരി ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാളി താരം മമിത ബൈജുവാണ് നായികയാകുന്നത്. 1.44 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

നാൽപ്പതുകളിലുള്ള പ്രൊഫഷണൽ ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. ഇരുപതുകാരിയായ മമിതയുടെ കഥാപാത്രം പ്രണയാഭ്യർത്ഥന നടത്തുമ്പോൾ, പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി അത് നിരസിക്കുന്ന സൂര്യയുടെ കഥാപാത്രത്തെയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. രാധിക ശരത്കുമാർ, രവീണ ടണ്ഠൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സിത്താര എന്റർടെയ്ൻമെന്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നാഗവംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. മലയാളികളായ നിമിഷ് രവി ഛായാഗ്രഹണവും ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'ലൂസിഫർ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ഒന്നിച്ച നിമിഷും ബംഗ്ലാനും വീണ്ടും ഒന്നിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്.

'പ്രേമലു'വിന് ശേഷം മമിതയുടേതായി പുറത്തിറങ്ങുന്ന പ്രധാന പ്രോജക്റ്റുകളിൽ ഒന്നാണിത്. വിജയ്‌ക്കൊപ്പം അഭിനയിച്ച 'ജനനായകൻ' എന്ന ചിത്രം സെൻസർ പ്രശ്നങ്ങൾ മൂലം വൈകുന്ന സാഹചര്യത്തിൽ, മമിതയുടെ കരിയറിലെ വലിയൊരു വഴിത്തിരിവാകും 'വിശ്വനാഥ് ആൻഡ് സൺസ്'. വരും മാസം അതായത് ജൂലായിൽ ചിത്രം തിയേറ്ററുകളിലെത്തും.

Similar News