ധ്രുവ് സർജ ചിത്രം 'കെഡി' വിവാദത്തിൽ; ഐറ്റം ഡാൻസിലെ വരികൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം
"ഇങ്ങനെയൊരു പാട്ട് കേൾക്കേണ്ടി വന്നതിൽ ഖേദിക്കുന്നു"; നോറ ഫത്തേഹിയുടെ പാട്ടിനെതിരെ ഗായകൻ അർമാൻ മാലിക്
ധ്രുവ് സർജയെ നായകനാക്കി പ്രേം സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം 'കെഡി: ദ ഡെവിൾ' റിലീസിന് മുൻപേ വിവാദങ്ങളിൽ. ചിത്രത്തിലേതായി പുറത്തിറങ്ങിയ 'സർകെ ചുനാർ തേരി സർകെ' എന്ന ഗാനത്തിലെ വരികൾ അങ്ങേയറ്റം അശ്ലീലമാണെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രശസ്ത ഗായകൻ അർമാൻ മാലിക് ഉൾപ്പെടെയുള്ളവർ പാട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വാണിജ്യ സിനിമകളിലെ പാട്ടുകളുടെ നിലവാരത്തകർച്ചയിൽ ഖേദമുണ്ടെന്നും ഇത്തരം വരികൾ കേൾക്കേണ്ടി വന്നതിൽ നിരാശയുണ്ടെന്നും അർമാൻ മാലിക് എക്സിൽ കുറിച്ചു.
നോറ ഫത്തേഹിയുടെ ചടുലമായ നൃത്തച്ചുവടുകളുള്ള ഈ ഐറ്റം ഡാൻസ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് റക്വീബ് ആലവും സംഗീതം നൽകിയിരിക്കുന്നത് അർജുൻ ജന്യയുമാണ്. മംഗ്ലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2026-ലും ഇത്രയും തരംതാണ വരികളാണോ പാട്ടുകളിൽ ഉപയോഗിക്കുന്നത് എന്നാണ് യൂട്യൂബ് കമന്റ് ബോക്സുകളിൽ ആരാധകർ ചോദിക്കുന്നത്. സഞ്ജയ് ദത്ത്, ശിൽപ ഷെട്ടി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഇത്തരമൊരു ഗാനം ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഏപ്രിൽ 30-നാണ് തിയേറ്ററുകളിൽ എത്തുക. 'ധുരന്ധറി'ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയിലായിരുന്ന ആരാധകർക്ക് പുതിയ വിവാദം കടുത്ത നിരാശയാണ് നൽകിയിരിക്കുന്നത്