"ഇതാണ് യഥാർത്ഥ കേരള സ്റ്റോറി"; മേഘയുടെ വീട്ടിലെത്തി സൽമാൻ, നോമ്പ് തുറയും പൊങ്കാലയും ആഘോഷമാക്കി താരജോഡികൾ
വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് രജിസ്റ്റർ വിവാഹം ചെയ്ത ഇവർ, തങ്ങളുടെ വിവാഹശേഷമുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്
ടെലിവിഷൻ പരമ്പരയായ 'മിഴിരണ്ടിലും' എന്നതിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് സൽമാൻ ഫാരിസും മേഘ മഹേഷും. വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് രജിസ്റ്റർ വിവാഹം ചെയ്ത ഇവർ, തങ്ങളുടെ വിവാഹശേഷമുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. സൽമാന്റെ വീട്ടിലെ സന്ദർശനത്തിന് ശേഷം, ഇപ്പോൾ മേഘയുടെ വീട്ടിൽ ആദ്യമായി പോയതിന്റെ സന്തോഷകരമായ നിമിഷങ്ങളാണ് ഇരുവരും തങ്ങളുടെ പുതിയ വ്ലോഗിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചാണ് ഈ സന്ദർശനം നടത്തിയത്. മേഘയുടെ അച്ഛൻ ജോലി സംബന്ധമായി മൈസൂരിലായതിനാൽ, അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നതുവരെ കാത്തിരിക്കാൻ വയ്യാത്തതിനാലാണ് ഇപ്പോൾ തന്നെ വീട്ടിലേക്ക് പോയതെന്ന് മേഘ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
മേഘയുടെ അമ്മയ്ക്കായി ഭഗവാൻ ശിവന്റെ മനോഹരമായി ഫ്രെയിം ചെയ്ത ചിത്രം സമ്മാനമായാണ് സൽമാൻ കരുതിയിരുന്നത്. സൽമാന്റെ നോമ്പ് തുറയ്ക്കായി വിഭവസമൃദ്ധമായ ഭക്ഷണമാണ് മേഘയുടെ അമ്മ ഒരുക്കിയിരുന്നത്. അമ്മ ഉണ്ടാക്കിയ വിഭവങ്ങൾ ഏറെ സ്വാദിഷ്ടമാണെന്ന് സൽമാൻ വീഡിയോയിൽ പുകഴ്ത്തിപ്പറയുന്നുണ്ട്. പിറ്റേദിവസം മേഘയ്ക്കും അമ്മയ്ക്കുമൊപ്പം ക്ഷേത്രത്തിലെത്തി പൊങ്കാല ചടങ്ങുകളിൽ പങ്കുചേരാനും സൽമാൻ ഒപ്പമുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്ന് സൽമാൻ ആവേശത്തോടെ പങ്കുവെച്ചു. മതാതീതമായ ഈ സ്നേഹബന്ധത്തെ "ഇതാണ് യഥാർത്ഥ കേരള സ്റ്റോറി" എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തുന്നത്.