ദുൽഖർ സൽമാൻ വഴി "യൂത്ത്" കേരളത്തിലേക്ക്; കെൻ കരുണാസ് ചിത്രം മാർച്ച് 19-ന് റിലീസ് ചെയ്യും

കെൻ കരുണാസിന്റെ അച്ഛനായി സുരാജ് വെഞ്ഞാറമൂട്; സ്കൂൾ ടീനേജ് ഡ്രാമ "യൂത്ത്" വരുന്നു

Update: 2026-03-18 11:15 GMT

തമിഴ് നടൻ കരുണാസിന്റെ മകൻ കെൻ കരുണാസ് നായകനായും സംവിധായകനായും അരങ്ങേറ്റം കുറിക്കുന്ന "യൂത്ത്" എന്ന ചിത്രം മാർച്ച് 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നു. സ്കൂൾ ജീവിതത്തിലെ പ്രണയവും സൗഹൃദവും പ്രമേയമാക്കിയ ഈ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. കെൻ കരുണാസ് തന്നെ രചനയും ഗാനരചനയും നിർവഹിച്ചിരിക്കുന്ന ചിത്രം പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള താരം സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ കെനിന്റെ അച്ഛനായി പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ "ലവ് സൊല്ലിട്ടാലേ", "മുട്ട കലക്കി" എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

മലയാളി താരം അനിഷ്മ അനിൽകുമാർ നായികയാകുന്ന ചിത്രത്തിൽ ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിന് മുൻപ് യഥാർത്ഥ പ്രണയം കണ്ടെത്താൻ ശ്രമിക്കുന്ന പതിനഞ്ചുകാരനായ നായകന്റെ രസകരമായ യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ഹാസ്യത്തിനും പ്രണയത്തിനും ഒപ്പം വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു പക്കാ ഫെസ്റ്റിവൽ എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാർച്ച് 19-ന് കേരളത്തിലെ പ്രമുഖ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും

Similar News