ട്വന്റി 20 സ്ഥാനാർത്ഥി പട്ടിക പുറത്ത്; ഏറ്റുമാനൂരിൽ വീണ നായരും പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയയും പോരാട്ടത്തിന്

വികസന മാതൃകയുമായി ജനങ്ങളിലേക്ക്; ട്വന്റി 20 സ്ഥാനാർത്ഥിയായി നടി വീണ നായർ ഏറ്റുമാനൂരിൽ

Update: 2026-03-18 11:47 GMT

ട്വന്റി 20 വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ഇത്തവണ ട്വന്റി 20 മത്സരരംഗത്തിറങ്ങുന്നത്. നടി വീണ നായർ ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നും, നടി ലക്ഷ്മി പ്രിയ പെരുമ്പാവൂരിൽ നിന്നും ജനവിധി തേടും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും അങ്കമാലിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രോമി കുര്യാക്കോസും സ്ഥാനാർത്ഥികളാകും. ചീഫ് കോർഡിനേറ്റർ സാബു ജേക്കബാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയാണ് ഇത്തവണ പാർട്ടി ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഏറ്റവും അനുയോജ്യമായ മാധ്യമമാണ് ട്വന്റി 20 എന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത വീണ നായർ പറഞ്ഞു. കിഴക്കമ്പലത്ത് നടപ്പിലാക്കിയ വികസന മാതൃക കേരളത്തിലുടനീളം വ്യാപിപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും, സ്വന്തം നാടായ ഏറ്റുമാനൂരിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ ലഭിച്ച അവസരം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും വീണ കൂട്ടിച്ചേർത്തു. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുമെന്ന് സ്ഥാനാർത്ഥിയായ അഞ്ജലി നായരും വ്യക്തമാക്കി.

Similar News