തിരിച്ചു വരവിൽ 100 കോടിയും കീഴടക്കി നിവിൻ പോളി
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം നൂറ് കോടി കലക്ഷൻ നേടി munneruka;
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ചിത്രമാണ് 'സർവ്വം മായ'. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന 'സർവ്വം മായ'യുടെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഒരു ജനപ്രിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോം വൻ തുകക്ക് ഒ.ടി.ടി അവകാശം വാങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പൂർണമായ തിയറ്റർ റൺ പൂർത്തിയാക്കിയ ശേഷമേ ചിത്രം ഒ.ടി.ടിയിൽ എത്തൂ എന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 45 ദിവസത്തിന് ശേഷം ചിത്രം ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് മലയാളം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നിർമാതാക്കൾ ഇതുവരെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.നിവിൻ പോളിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമെന്നാണ് ആരാധകർ 'സർവ്വം മായ'യെ വിശേഷിപ്പിച്ചത്. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 50 കോടിയോളം രൂപയാണ് ചിത്രം ബോക്‌സ് ഓഫിസിൽ നേടിയത്. റിലീസ് ചെയ്ത് 11 ദിവസത്തിനകം ലോകമെമ്പാടുമായി 109.65 കോടിയാണ് ചിത്രം നേടിയത്.
നിവിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് 'സർവ്വം മായ'. കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയിരുന്നു. ഇത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്. നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ സിനിമക്ക് കഴിഞ്ഞു എന്നാണ് കലക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫാന്‍റസി ഹൊറർ കോമഡി ഴോണറിലാണ് 'സർവ്വം മായ' ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഈ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ളതാണ്.