ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കരുത് ;വിജയ്ക്കും നടി തൃഷയ്ക്കും എതിരെ സനം ഷെട്ടി
ചെന്നൈയിൽ വെച്ചുനടന്ന നിർമാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാര ചടങ്ങിൽ വിജയിയും തൃഷയും ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി
തമിഴ് സൂപ്പർതാരം വിജയിയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, താരം നടി തൃഷയ്‌ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ചെന്നൈയിൽ വെച്ചുനടന്ന നിർമാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാര ചടങ്ങിൽ വിജയിയും തൃഷയും ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഒരേ കാറിൽ വന്നിറങ്ങുകയും, നവദമ്പതികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഒരുമിച്ച് മടങ്ങുകയും ചെയ്ത ഇവരുടെ വീഡിയോ ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് നടി സനം ഷെട്ടി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സനം ഷെട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്: "വേണ്ട, ഇതൊരു ശരിയായ രീതിയല്ല. ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാനാവില്ല! ഏറെക്കാലത്തെ ഒരു ആരാധിക എന്ന നിലയിൽ ഈ സാഹചര്യം കാണുന്നത് വളരെ നിരാശാജനകമാണ്." തങ്ങളുടെ ഇഷ്ടതാരത്തെ പിന്തുണച്ച് ആരാധകർ മറുപടിയുമായി എത്തിയപ്പോൾ, സനം ഷെട്ടി തൻ്റെ നിലപാടിൽ ഉറച്ചുനിന്നു. അവർക്ക് സുഹൃത്തുക്കളായിക്കൂടേയെന്ന ആരാധകരുടെ ചോദ്യത്തിന്, "ദിവസങ്ങൾക്ക് മുൻപ് വലിയ ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ ഇങ്ങനെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ശരിയായ സമയമാണോ? പ്രത്യേകിച്ചും വിജയ്-സംഗീത ഭാഗത്തുനിന്ന് വിഷയത്തിൽ പ്രതികരണമൊന്നുമില്ലാത്തപ്പോൾ? വിവാഹബന്ധം തുടരാനാവില്ലെങ്കിൽ നിയമപരമായി വേർപിരിഞ്ഞ ശേഷം മാത്രമേ ഇത്തരം നീക്കങ്ങൾ പാടുള്ളൂ. ധാർമ്മികമായും നിയമപരമായും അത് തന്നെയാണ് ശരിയായ മാർഗം," എന്ന് സനം ഷെട്ടി മറുപടി നൽകി.
വിജയിയുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ വിവാദം കത്തുന്നത്. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന് നൽകിയ വാക്ക് താരം ലംഘിച്ചുവെന്നുമാണ് സംഗീതയുടെ ഹർജിയിലെ പ്രധാന ആരോപണം. 2004-ൽ 'ഗില്ലി' എന്ന ചിത്രത്തിലൂടെയാണ് വിജയിയും തൃഷയും ആദ്യമായി ഒന്നിക്കുന്നത്. തുടർന്ന് 'തിരുപ്പാച്ചി', 'ആദി', 'കുരുവി', 'ലിയോ' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലും ഇരുവരും ജോടികളായി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വാർത്തകൾക്കിടെയാണ് ഇപ്പോഴത്തെ സംഭവം വലിയ ചർച്ചയായിരിക്കുന്നത്.