"ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകൾ ഡോക്ടർ ആയി. പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം" സന്തോഷം പങ്കുവെച്ച് കലാഭവൻ മണിയുടെ സഹോദരൻ.

മണി പോയതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഒരുപാട് ആളുകൾ അന്വേഷിച്ചെങ്കിലും മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു അവർ.

Update: 2026-03-06 17:51 GMT

മലയാളികളുടെ ഉള്ളിൽ ഇന്നും മായാതെ കലാഭവൻ മണിയു‌ടെ ഓർമകളുണ്ട് . മണി പോയതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഒരുപാട് ആളുകൾ അന്വേഷിച്ചെങ്കിലും മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു അവർ. 

ഇപ്പോഴിതാ ആ കുടുംബത്തിൽ നിന്നൊരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്,മണിയുടെ സഹോദരനായ ഡോ. ആർഎൽവി രാമകൃഷ്ണൻ. 

 കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മി ഡോക്ടർ ബിരുദം നേടിയെടുത്തിരിക്കുകയാണ്. 

മണി ഓർമയായിട്ട് പത്ത് വർഷം പിന്നിടുമ്പോഴാണ് ഈ സന്തോഷ വാർത്ത എത്തുന്നത്.


‘‘ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകൾ ഡോക്ടർ ആയി. പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകൾ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു. തന്നെ സംബന്ധിച്ചടത്തോളം തനിക്കും വളർന്നു വരാനുള്ള വലിയൊരു സാഹചര്യം ചേട്ടൻ ഒരുക്കിയിരുന്നു.

ഡോക്ടറേറ്റ് കിട്ടി, കലാമണ്ഡലത്തിൽ അസി. പ്രഫസറായി ജോലി ലഭിച്ചു. 

ഇതൊക്കെ അദ്ദേഹത്തിനെ, അദ്ദേഹത്തിന്റെ ചിന്തകളെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഒട്ടും പതറാതെ മുന്നോട്ടു പോയതു കൊണ്ടാണ്. 

ഇടയ്ക്ക് എവിടെയൊക്കെയോ പതറിയിരുന്നു, മനസ്സ് വല്ലാണ്ട് വിഷമിച്ചു പോയിരുന്നു. അതിനെയൊക്കെ നിയന്ത്രണത്തിലാക്കി, ചേട്ടന്റെ ആഗ്രഹപ്രകാരം മുന്നോട്ടുപോകാൻ കഴിഞ്ഞുവെന്നും സഹോദരൻ വെളിപ്പെടുത്തി. 


എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു മണിയുടെ ഏക മകൾ ശ്രീലക്ഷ്മി.

ഇപ്പോൾ ചാലക്കുടിയിലെ വീടായ ‘മണികൂടാരത്തിൽ’ ഉണ്ട് മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും.

കലാഭവന്‍ മണിയുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും മകളെ ‍ഡോക്ടറാക്കുക എന്നതും. 

അദ്ദേഹം അത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. 

അച്ഛന്റെ മരണം നല്‍കിയ വേദനയിലാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതിയതും അഞ്ച് എ പ്ലസും ഒരു ബി പ്ലസും അടക്കം നേടുന്നതും. 

തുടര്‍ന്ന് പ്ലസ് ടുവിനും മികച്ച മാര്‍ക്ക് വാങ്ങി. കലാഭവന്‍ മണിയുടെ ഏറ്റവും വലിയ ആഗ്രഹം മകളെ ഒരു ഡോക്ടറാക്കണം എന്നതു തന്നെയായിരുന്നു. 

അങ്ങനെയാണ് രണ്ടു വര്‍ഷത്തോളം കാത്തിരുന്ന് എന്‍ട്രന്‍സ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടിയത്. 

മകള്‍ക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളജിന് തൊട്ടടുത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിക്കുകയാണ് അമ്മ നിമ്മി.


മണിയുടെ മരണ ശേഷം ചാലക്കുടിയിലെ മണികൂടാരം വീട്ടില്‍ നിമ്മിയും മകളും നിമ്മിയുടെ മാതാപിതാക്കളും ആയിരുന്നു ഉണ്ടായിരുന്നത്. പഠനത്തിനായി നിമ്മിയും ശ്രീലക്ഷ്മിയും എറണാകുളത്തേക്ക് മാറിയതോടെ മാതാപിതാക്കള്‍ നിമ്മിയുടെ സഹോദരിയുടെ വീട്ടിലേക്കു മാറി. 

വല്ലപ്പോഴും അവധിക്കു മാത്രമാണ് നിമ്മിയും മകളും ചാലക്കുടിയിലെ വീട്ടിലേക്ക് എത്തുന്നത്. 

ബന്ധുക്കളാരെങ്കിലും എത്തി വീടും പരിസരവും വൃത്തിയാക്കിയിടും. 

കലാഭവന്‍ മണി ജീവിച്ചിരുന്ന കാലത്ത് രാവിലെ മുതല്‍ ആ വീട്ടിലേക്ക് സന്ദര്‍ശകരുടെ ബഹളമായിരുന്നു, സഹായം ചോദിച്ച്‌ എത്തുന്നവരും ഒന്നു കാണാനും സംസാരിക്കാനും ഒരു ഫോട്ടോ എടുക്കാനുമൊക്കെയായി നൂറുകണക്കിന് പേരായിരുന്നു ഓരോ ദിവസവും ഈ മണികൂടാരത്തിലേക്ക് എത്തിയിരുന്നത്. മണിയുടെ മരണ ശേഷം അതിനൊക്കെ അവസാനമാകുമെന്ന് കരുതിയെങ്കിലും ഇപ്പോഴും ഇവിടേക്ക് ഒരുപാട് ആളുകൾ എത്തുന്നുണ്ട് . മരണ ശേഷവും മണിയുടെ സ്മൃതി മണ്ഡപത്തിലെത്തി അതിനരികെ അല്‍പ്പനേരമിരുന്ന് ആണ് പലരും മടങ്ങിപ്പോവുന്നത് . അത്രമാത്രം പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അയാൾ .

Tags:    

Similar News