100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒപ്പ് വെച്ച് നടൻ നിവിൻ പോളി
പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണ് എന്ന് നടനും നിർമാതാവുമായ നിവിൻ പോളി പറഞ്ഞു;
100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒപ്പ് വെച്ച് നടൻ നിവിൻ പോളി. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസുമായിട്ടാണ് 100 കോടി രൂപ ചെലവിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഡീലിൽ നിവിൻ പോളി ഒപ്പ് വെച്ചത്. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും ഈ ചിത്രങ്ങൾ നിർമിക്കുക.ചിത്രങ്ങളും അവാർഡുകൾ സ്വന്തമാക്കിയ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളും ഒരുപോലെ നിർമിച്ചു കൊണ്ട് ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രതിഭകൾക്കൊപ്പം നിലകൊള്ളുന്ന സിനിമാ നിർമാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്.
അരങ്ങേറ്റ ചിത്രമായ ഓങ്കാര മുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ പ്യാർ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, ഷൈതാൻ, നിലവിൽ നിർമാണത്തിലിരിക്കുന്ന ദൃശ്യം 3 എന്നിവയിലൂടെ 50 ലധികം അഭിമാനകരമായ അവാർഡുകൾ ആണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുള്ളത്.മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളിൽ ഒരാളും നിർമ്മാതാവുമായ നിവിൻ പോളി വൈവിധ്യത്തിനും ശക്തമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിനും പേര് കേട്ട പ്രതിഭയാണ്. രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, മൂന്ന് ഫിലിംഫെയർ അവാർഡുകൾ സൌത്ത്, രണ്ട് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകൾ, ആറ് സൈമ അവാർഡുകൾ എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ശക്തമായ കഥപറച്ചിൽ, മികച്ച പ്രതിഭകളോടൊപ്പമുള്ള സഹകരണം, വാണിജ്യപരമായി ലാഭകരമായ ഉള്ളടക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പനോരമ സ്റ്റുഡിയോ മലയാള സിനിമയിൽ നടത്താൻ പോകുന്ന തങ്ങളുടെ വിപുലീകരണത്തെ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ മൾട്ടി-ഫിലിം ഡീൽ, വ്യത്യസ്ത വിഭാഗങ്ങളിലുള്ള ചിത്രങ്ങൾ ഒരുക്കുകയും ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങളെ മുഖ്യധാര സിനിമയുമായി സംയോജിപ്പിക്കുകയും ചെയ്യും.കഥപറച്ചിലിനും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകൾക്കും മലയാള സിനിമ കൃത്യമായ ഒരു നിലവാരം സ്ഥാപിച്ചിട്ടുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. വിശ്വാസ്യത, കഴിവ്, ജനപ്രിയത എന്നിവയെ പ്രതിനിധീകരിക്കുന്ന നിവിൻ പോളിയുമായുള്ള പങ്കാളിത്തം പനോരമ സ്റ്റുഡിയോയുടെ സ്വാഭാവിക പുരോഗതിയാണ് എന്നും അദ്ദേഹം പറഞ്ഞു. മികച്ച സിനിമയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനും ദക്ഷിണേന്ത്യയിൽ ദീർഘകാല സൃഷ്ടിപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള തങ്ങളുടെ മാർഗമാണ് ഈ സഹകരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണ് എന്ന് നടനും നിർമാതാവുമായ നിവിൻ പോളി പറഞ്ഞു. അവരുടെ കാഴ്ചപ്പാടും വ്യാപ്തിയും ഗുണനിലവാരമുള്ള സിനിമയോടുള്ള പ്രതിബദ്ധതയും താൻ ഭാഗമാകാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥകളുമായി തികച്ചും യോജിക്കുന്നു എന്നും നിവിൻ വിശദീകരിച്ചു. ഒരുമിച്ച് വിനോദകരവും സ്വാധീനം ചെലുത്തുന്നതുമായ സിനിമകൾ സൃഷ്ടിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നു എന്നും നിവിൻ കൂട്ടിച്ചേർത്തു.