ഫിലിം ക്രിട്ടിക്സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്; സി എസ് മീനാക്ഷി മികച്ച ഗ്രന്ഥകാരി
Film Critics Awards announced;
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സി.എസ്. മീനാക്ഷിയുടെ 'പെണ്‍പാട്ടുതാരകള്‍: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്‌കാരങ്ങള്‍' എന്ന പഠനഗ്രന്ഥത്തിന് 2024 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി. ഡോ. സെബാസ്‌ററ്യന്‍ ജോസഫ് രചിച്ച 'ഭ്രമയുഗം സൃഷ്ടിക്കുന്ന ചലച്ചിത്ര ചരിത്ര ആര്‍ക്കൈവുകള്‍'ക്ക് മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് ലഭിച്ചു.
5000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം. മികച്ച ചലച്ചിത്ര ലേഖകന് 3000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. ഡോ. ടി ജിതേഷ് രചിച്ച 'ദൃശ്യവിചാരവും സിദ്ധാന്തവും' എന്ന ചലച്ചിത്ര ഗ്രന്ഥം 1000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായി.
ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, ഡോ. ജോസ് കെ. മാനുവല്‍, എ.ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മികച്ച ചലച്ചിത്ര ഗ്രന്ഥകര്‍ത്താവിനെ തെരഞ്ഞെടുത്തത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ ലേഖനവിഭാഗത്തില്‍, ഡോ അരവിന്ദന്‍ വല്ലച്ചിറ, ഡോ. എം.ഡി.മനോജ്, എ .ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.
തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഡോ ജോര്‍ജ്ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ് എന്നിവരറിയിച്ചു.