'ആ നടൻ നിവിൻ പോളിയാണെന്ന് പറഞ്ഞിട്ടില്ല' പ്രതികരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ
താൻ വിമർശനം ഉന്നയിച്ച നടൻ നിവിൻ പോളിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻറെ ആരോപണം നിവിൻ പോളിയെക്കുറിച്ചാണ് എന്ന ചർച്ചകൾ കനക്കവെയാണ് വിഷയത്തിൽ ലിസ്റ്റിന്റെ പ്രതികരണം. മറ്റുളളവർ നിവിന്റെ പേര് പറയുന്നതിൽ തനിക്കൊന്നും പറയാനില്ലെന്നാണ് വിഷയത്തിൽ ലിസ്‌റ്റിന്റെ മറുപടി. നടന്റെ പേര് പറഞ്ഞാൽ ഫാൻസ് ആക്രമിക്കും. നിർമാതാവിന് ഫാൻസില്ല, പാൻസേയുള്ളൂവെന്നും ലിസ്‌റ്റിൻ പറഞ്ഞു. ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആ നടനും ടീമിലുള്ളവർക്കും അറിയാം. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ സംഘടനയെ സമീപിക്കാനാണ് തീരുമാനമെന്നും ലിസ്റ്റിൻ പറഞ്ഞു.
നടന്റെ പേര് പറയാതെയുള്ള ലിസ്റ്റിന്റെ പരാമർശത്തിനെതിരെ നിരവധിപേരാണ് വിമര്ശനവുമായി രംഗത്തെത്തിയത്. നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയ ലിസ്റ്റിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. വട്ടിപ്പലിശയ്ക്ക് പണമെടുത്ത് മറിക്കുന്ന ആളാണെന്ന് വരെ സാന്ദ്ര ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ ലിസ്റ്റിൻ സാന്ദ്രയ്ക്ക് കുശുമ്പും നിരാശയുമാണ് എന്ന് തിരിച്ചടിച്ചു. മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണനയിലാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.