'ആ ചിത്രത്തിൽ എനിക്ക് ഒരു മകൾ ഉള്ളത് അവൾക്ക് ഇഷ്ടമായില്ല, എന്റെ മകൾ കുറച്ച് പൊസ്സസ്സീവ് ആണ്': ശോഭന

Update: 2025-06-09 11:37 GMT

നീണ്ടനാളത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ശോഭന. മലയാളത്തിൽ മാത്രമല്ല ഒരു കാലത്ത് തമിഴിലും തെലുങ്കിലും മുൻ നിര നായികയായി തിളങ്ങി നിന്ന് വ്യക്തിയാണ് ശോഭന. അഭിനയത്തിനൊപ്പം തന്നെ ഒരു മികച്ച നർത്തകി കൂടിയാണ് ശോഭന. അവരുടെ ചിത്രങ്ങൾ ആ കഴിവ് മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. അഭിനയിക്കാതിരുന്ന സമയത്തും നൃത്താധ്യാപികയായി നൃത്തത്തോടുള്ള തന്റെ പാഷൻ തുടർന്നുകൊണ്ടിരിക്കുന്ന ആളാണ് ശോഭന. ഇപ്പോഴിതാ തന്റെ മകൾ നാരായണിയെക്കുറിച്ച് സംസാരിക്കുകയാണ് ശോഭന. തന്റെ മകൾക്ക് താൻ അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഇഷ്ടമല്ലെന്നും അത് കണ്ട ശേഷം 'അമ്മ എന്താണ് ചെയ്യുന്നതെന്ന് തന്നോട് ചോദിച്ചെന്നും ശോഭന പറയുന്നു. തന്റെ മകൾ തന്റെ കാര്യത്തിൽ അൽപ്പം പൊസ്സസ്സീവ് ആണെന്നും ആ ചിത്രത്തിൽ തനിക്ക് ഒരു മകൾ ഉള്ളത് അവൾക്ക് ഇഷ്ടമായില്ലെന്നും ശോഭന പറയുന്നു. നാരായണിക്ക് 3 വയസ്സുള്ളപ്പോഴാണ് തിര സിനിമ തിയറ്ററിൽ കാണുന്നതെന്നും അന്നവൾ തന്റെ കയ്യിൽ വലിച്ച് പുറത്തേക്ക് കൊണ്ടുവന്നെന്നും ശോഭന പറയുന്നു. കൂടാതെ മണിച്ചിത്രത്താഴ് തന്റെ മകൾക്ക് ഇഷ്ടപ്പെട്ട ചിത്രമാണെന്ന് ശോഭന കൂട്ടിച്ചേർക്കുന്നു.

‘മകൾ നാരായണി കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് എൻ്റെ സിനിമകൾ കണ്ടത്. “അമ്മാ, വാട്ട് ആർ യു ഡൂയിങ്’ എന്നാണ് ചോദിച്ചത്. അവൾക്കത് കണ്ട് അമ്പരപ്പാണ്. ‘ഞാൻ ഇങ്ങനെയായിരുന്നു’ എന്ന് ചെറുചിരിയോടെ പറഞ്ഞു. ‘വരനെ ആവശ്യമുണ്ട്‘ എന്ന സിനിമ അവൾക്ക് ഇഷ്‌ടപ്പെട്ടില്ല. അതിൽ എനിക്കു ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദർശൻ. എന്റെ കാര്യത്തിൽ മകൾ കുറച്ചു പൊസസീവാണ്.

അവൾക്കു മൂന്ന് വയസുള്ളപ്പോഴാണ് ഞാൻ ‘തിര‘ എന്ന സിനിമ ചെയ്യുന്നത്. തിയേറ്ററിൽ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്ക്രീനിൽ എന്നെ കണ്ടതും അവൾ എന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാൽ, എന്റെ കയ്യും വലിച്ചു പുറത്തേക്കു കൊണ്ടുപോയി. മണിച്ചിത്രത്താഴ് അവൾക്കിഷ്‌ടപ്പെട്ടു,’ ശോഭന പറയുന്നു.

Tags:    

Similar News