റേസിംഗിനൊപ്പം ഓരോ വർഷവും ഓരോ സിനിമ ചെയ്യാനാണ് പ്ലാൻ
അടുത്ത ചിത്രമായ ‘AK64’യുടെ ഷൂട്ടിംഗ് ഈ വർഷം നവംബറിൽ തുടങ്ങുമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു.;
തന്റെ പാഷനായ റേസിംഗിനു വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഓരോ വർഷവും ഒരു സിനിമ വീതം ചെയ്യാനാണ് പ്ലാൻ ചെയ്യുന്നതെന്ന് പറഞ്ഞ് തമിഴ് നടൻ അജിത് കുമാർ.
തന്റെ അടുത്ത ചിത്രമായ ‘AK64’യുടെ ഷൂട്ടിംഗ് ഈ വർഷം നവംബറിൽ തുടങ്ങുമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റായതിന് പിന്നാലെ, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതായ വാർത്തകൾ വരുന്നത്. ചിത്രം 2026 ഏപ്രിൽ അല്ലെങ്കിൽ മേയിൽ റിലീസാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അജിത് കുമാർ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. തന്റെ റേസിംഗ് കരിയറിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
“യൂറോപ്പിലെ ഞങ്ങളുടെ റേസിംഗ് സീസൺ മാർച്ചിൽ ആരംഭിച്ച് ഒക്ടോബറോടെ അവസാനിക്കും. എന്നാൽ ജനുവരിയിൽ നടക്കുന്ന ദുബൈയിലെ റേസിനെ ഒഴിവാക്കാനാവില്ല. ഈ ഗ്യാപ് സമയത്ത്, നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ഞാൻ ഒരു സിനിമ ചെയ്യാൻ ശ്രമിക്കും. അങ്ങനെ എനിക്ക് ഓരോ വർഷവും ഒരു സിനിമ റിലീസ് ചെയ്യാനും റേസിംഗിനും സമയമൊരുക്കാനും കഴിയും,” എന്നും അജിത് പറഞ്ഞു.
അടുത്ത ആറുവർഷത്തേക്ക് തന്റെ ഈ പ്ലാൻ തുടരാനാണ് താരത്തിന്റെ ആഗ്രഹം. റേസിംഗ് ടീമിന്റെ ഉടമയും ഡ്രൈവറും എന്ന നിലയിൽ തന്റെ അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ചലച്ചിത്രജീവിതത്തിൽ 33 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് അജിത് കുമാർ.
അജിത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രിൽ 10, 2025-ന് തിയേറ്ററുകളിൽ എത്തി. ചിത്രം അധിിക് രവിചന്ദ്രൻ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്‌തു. ത്രിഷ കൃഷ്ണൻ, അർജുൻ ദാസ്, സുനിൽ, പ്രഭു, പ്രസന്ന, കാർത്തികേയ ദേവ്, പ്രിയ പ്രകാശ് വാര്യർ എന്നിവരടങ്ങുന്ന വലിയ താരനിരയാണ് ചിത്രത്തിൽ അജിത്തിനൊപ്പം അഭിനയിച്ചത്. ചിത്രം നിലവിൽ നെറ്റ്ഫ്‌ലിക്‌സിൽ സ്റ്റ്രീമിംഗ് തുടരുകയാണ്