ഫെമിനിസത്തിൽ അമ്മയും നടിയുമായ ആനിയെ തിരുത്തി മകൻ
നടി ആനിയും മകന്‍ റുഷിനും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബോഡി ഷെയിമിങ്ങിനേയും ഫെമിനിസത്തെ പറ്റിയുമുള്ള മകന്‍റെ ചോദ്യങ്ങളോട് തന്‍റെ കാഴ്ചപ്പാടുകളെ പറ്റിയാണ് ആനി സംസാരിച്ചത്
നടി ആനിയും മകന്‍ റുഷിനും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബോഡി ഷെയിമിങ്ങിനേയും ഫെമിനിസത്തെ പറ്റിയുമുള്ള മകന്‍റെ ചോദ്യങ്ങളോട് തന്‍റെ കാഴ്ചപ്പാടുകളെ പറ്റിയാണ് ആനി സംസാരിച്ചത്. ആനിയെ റോസ്റ്റ് ചെയ്തുള്ള ഇൻഫ്ലുവൻസേഴ്സിന്റെ വിഡിയോ കാണിച്ച ശേഷമാണ് റുഷിൻ ഈ വിഷയത്തിൽ സംസാരിച്ചത്. ആരെയും അധിക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരാൾ ക്ഷീണിച്ചോ എന്ന് ചോദിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും ആനി പറഞ്ഞു. എന്നാൽ ഒരാൾ എങ്ങനെ ഇരിക്കണം എന്നത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ആ പ്രയോഗം തെറ്റാണെന്നും പറഞ്ഞ് റുഷിൻ അമ്മയെ തിരുത്തുകയായിരുന്നു. ഫെമിനിസത്തെ പറ്റിയുള്ള അഭിപ്രായവും മകന്‍ അമ്മയോട് ചോദിച്ചു.
‘ഞാൻ സിനിമയിൽ വന്ന കാലത്ത് സെലിബ്രിറ്റി സ്റ്റാറ്റസിനെക്കുറിച്ചും ഒരുങ്ങി നടക്കുന്നതിനെക്കുറിച്ചുമാണ് ചിന്തിച്ചിരുന്നത്. കോളജിൽ പഠിക്കുന്ന കാലത്താണ് സിനിമയിൽ വരുന്നത്, അപ്പോൾ കിട്ടുന്നൊരു ഫെയിം ഉണ്ട്, എപ്പോഴും ഒരുങ്ങി നടക്കണം എന്നൊക്കെയാണ് ആ സമയത്ത് ചിന്തിക്കുന്നത്. ഏതൊരു പെൺകുട്ടിയും ചിന്തിക്കുന്നതുപോലെ തന്നെയേ ഞാനും ചിന്തിക്കൂ, അല്ലാതെ അതിന്‍റെ ആഴത്തിലേക്കൊന്നും പോയിട്ടില്ല.ആ സമയത്തൊക്കെ മേക്കപ്പ് ഇല്ലാതെ അഭിനയിക്കുക എന്നത് വലിയ ഡെഡിക്കേഷനാണ്. എനിക്ക് നല്ല മുടി ഉണ്ടായിരുന്ന ആളാണ്. ആദ്യ സിനിമയ്ക്ക് വേണ്ടി ഞാൻ മുടി മുറിച്ചപ്പോൾ എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തത്. മുടി വെട്ടിയിട്ട് എന്തുകോലമാണെന്ന് ആരും ചോദിക്കാൻ വന്നിട്ടില്ല, എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തത്. അതുപോലെ തന്നെയാണ് പ്രിയങ്കയുടെ കാര്യത്തിലും ചോദിച്ചത്. മേക്കപ്പ് ഇല്ലാതെ അഭിനയിച്ചോ എന്നാണ് ചോദിച്ചത്. പ്രിയങ്കയുടെ കാര്യത്തില്‍ ആ ഡെഡിക്കേഷൻ കണ്ടുള്ള അതിശയമായിരുന്നു എന്‍റെ വാക്കുകളിൽ, ആനി പറഞ്ഞു.
പക്ഷേ എന്‍റെ ഉള്ളിൽ ആഴത്തിലൊന്നും ഇതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഓരോ സിനിമയിൽ അഭിനയിച്ചു വരുമ്പോഴാണ് അറിയാൻ കഴിയുന്നത്, ലാലേട്ടനും കമൽഹാസനുമൊക്കെ ഇതുപോെല ചെയ്തിട്ടുണ്ടായിരുന്നുവെന്ന്. ഈ ഇതിഹാസങ്ങളെ മുന്നിൽ കണ്ട് ഈ കുട്ടികളിത്രയും ഡെഡിക്കേറ്റഡ് ആണോ എന്ന അതിശയമായിരുന്നു എന്‍റെ മുഖത്ത്. അല്ലാതെ അവരെ ബോഡി ഷെയ്മിങ് ചെയ്തിട്ടേ ഇല്ല. എന്‍റെ മുന്നിൽ വച്ച് ഒരാൾ ചെയ്താൽ തന്നെ ഞാൻ പറയും, നിങ്ങൾ അവരുടെ വശം കൂടി ചിന്തിക്കൂ എന്ന്.
എന്നെ വിമർശിക്കുന്ന കുട്ടികളുടെ വിഡിയോ കാണിച്ചല്ലോ, ആ കുട്ടികളോട് എനിക്ക് വിരോധമൊന്നുമില്ല. അവരെ പ്രശംസിക്കുന്നു, എന്‍റെ തെറ്റ് തിരുത്തിയതും എന്‍റെ കാഴ്ചപ്പാടിൽ നിന്നും ഇതൊക്കെ വ്യക്തമാക്കാൻ പറ്റിയതും അവർ അത് ചെയ്തതുകൊണ്ടാണ്. പക്ഷേ ചേച്ചി എന്തിനത് ചെയ്തു എന്നത് അവർ കാണിച്ചില്ലല്ലോ എന്നും ആനി ചോദിച്ചു.
എന്നാല്‍ പ്രിയങ്കയെ കണ്ട് 'പാക്ക് പോലെയായിപ്പോയി' എന്ന പ്രയോഗം തെറ്റാണെന്ന് റുഷിൻ പറഞ്ഞപ്പോൾ താൻ വളർന്നുവന്ന രീതിയുടേയും കേട്ടുപഠിച്ചതിന്‍റേയും പ്രശ്നമായിരിക്കാം എന്നാണ് ആനി പറഞ്ഞത്. ഇപ്പോഴത്തെ കുട്ടികൾ ചില കാര്യങ്ങളിൽ എന്നെ തിരുത്തുന്നുണ്ട്. മാറാൻ ഞാനും പരമാവധി ശ്രമിക്കുന്നുണ്ട്. ക്ഷീണിച്ചുപോയോ എന്ന് ചോദിക്കുന്നത് ഒരു നാട്ടുനടപ്പാണ്. എല്ലാവരും ചോദിക്കുന്നതാണ്, എന്നോടും എത്ര പേര് ചോദിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് ആര് ബോഡി ഷെയ്മിങ് നടത്തിയാലും എനിക്ക് വിഷമമില്ല. ഇപ്പോ നല്ല വണ്ണം വച്ചല്ലോ ചേച്ചീ എന്നു ചോദിച്ചാൽ അതിൽ ഞാൻ അഭിമാനിക്കുന്നു, എന്‍റെ ശരീരത്തെ സ്നേഹിക്കുന്നു എന്നു പറയാം,' ആനി പറഞ്ഞു.