"സിനിമകൾ കൂടുതൽ കിട്ടിയിരുന്നെങ്കിൽ ഇനിയും കുട്ടികളുണ്ടായേനെ"; മക്കളുടെ ജനനത്തെക്കുറിച്ച് മനസ്സ് തുറന്ന് കൃഷ്ണകുമാർ
ഇന്നത്തെ കാലത്ത് ആണും പെണ്ണും ഒരുപോലെയാണെന്ന്" പറഞ്ഞ് ആളുകൾ സമാധാനിപ്പിക്കാൻ വന്നപ്പോഴാണ് തന്റെ മുഖത്ത് എന്തെങ്കിലും വിഷമമുണ്ടോ എന്ന് താൻ സ്വയം ചിന്തിച്ചുപോയതെന്നും അദ്ദേഹം പറയുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെൺമക്കളും ഭാര്യ സിന്ധുവും അടങ്ങുന്ന ഈ കുടുംബത്തിലേക്ക് മകൾ ദിയയുടെ വിവാഹത്തോടെ ഒരു മരുമകനും ഇപ്പോൾ ഒരു കൊച്ചുമകളും അതിഥികളായെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർ എപ്പോഴും ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ തന്റെ മക്കളുടെ ജനനസമയത്തെ രസകരമായ അനുഭവങ്ങളും നാലാമത്തെ മകൾ ജനിച്ചപ്പോൾ ഉണ്ടായ പ്രതികരണങ്ങളും പങ്കുവെക്കുകയാണ് കൃഷ്ണകുമാർ. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
തന്റെ നാല് മക്കളുടെയും പ്രസവസമയത്ത് താനും സിന്ധുവും മാത്രമാണ് ആശുപത്രിയിൽ പോകാറുള്ളതെന്ന് കൃഷ്ണകുമാർ ഓർത്തെടുക്കുന്നു. അച്ഛന്റെ അനുജത്തി തന്നെയായിരുന്നു ഡോക്ടർ എന്നതിനാൽ ചികിത്സാ ചിലവുകൾ കുറവായിരുന്നുവെന്നും, സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ താൻ ഇനിയും കുട്ടികളെക്കുറിച്ച് ചിന്തിക്കുമായിരുന്നുവെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. നാലാമത്തെ കുഞ്ഞും പെൺകുട്ടിയായപ്പോൾ പലരും തന്നെ തോളിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചുവെന്നും കൃഷ്ണകുമാർ വെളിപ്പെടുത്തി. "ഇന്നത്തെ കാലത്ത് ആണും പെണ്ണും ഒരുപോലെയാണെന്ന്" പറഞ്ഞ് ആളുകൾ സമാധാനിപ്പിക്കാൻ വന്നപ്പോഴാണ് തന്റെ മുഖത്ത് എന്തെങ്കിലും വിഷമമുണ്ടോ എന്ന് താൻ സ്വയം ചിന്തിച്ചുപോയതെന്നും അദ്ദേഹം പറയുന്നു. കുട്ടികളെ കാണാൻ തനിക്ക് എന്നും വലിയ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.