ബോളിവുഡ് ഹിറ്റ് മേക്കര്‍ നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു
ഈ വരുന്ന ഡിസംബര്‍ എട്ടിനായിരുന്നു തൊണ്ണൂറാം പിറന്നാള്‍.;
മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഒക്ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍, ആശുപത്രി വിട്ട് 12 ദിവസത്തിന് ശേഷമാണ് അന്തരിച്ചത്. 89 വയസ്സായിരുന്നു. ഈ വരുന്ന ഡിസംബര്‍ എട്ടിനായിരുന്നു തൊണ്ണൂറാം പിറന്നാള്‍. 1960-ല്‍ 'ദില്‍ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധര്‍മ്മേന്ദ്ര, 1960-കളില്‍ 'അന്‍പഥ്', 'ബന്ദിനി', 'അനുപമ', 'ആയാ സാവന്‍ ഝൂം കേ' തുടങ്ങിയ സിനിമകളില്‍ സാധാരണക്കാരന്റെ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
പിന്നീട് അദ്ദേഹം 'ഷോലെ', 'ധരം വീര്‍', 'ചുപ്കെ ചുപ്കെ', 'മേരാ ഗാവ് മേരാ ദേശ്', 'ഡ്രീം ഗേള്‍' തുടങ്ങിയ ചിത്രങ്ങളില്‍ നായക വേഷങ്ങള്‍ ചെയ്തു.
ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച 'തേരി ബാതോം മേം ഐസ ഉള്‍ഝാ ജിയ' എന്ന ചിത്രത്തിലാണ് ധര്‍മ്മേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാകുന്ന 'ഇക്കീസ്' ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബര്‍ 25-ന് പുറത്തിറങ്ങും. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.