അല്ലുവിന്റെ വാള്‍ ഓഫ് ഫ്രയിമിൽ ഇടം പിടിച്ച ഒരേ ഒരു മലയാളി സംവിധായകൻ

തിയറ്റര്‍ കോംപ്ലെക്സിന്‍റെ ഒരു ഭിത്തിയില്‍ സിനിമയിലെ ശ്രദ്ധേയ സംവിധായകരുടെ ഫ്രെയിം ചെയ്ത ചിത്രങ്ങളാണ്.

Update: 2026-03-13 15:20 GMT

അല്ലു അര്‍ജുന്‍റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ പുതിയ മള്‍ട്ടിപ്ലെക്സ് തിയറ്ററായ അല്ലു സിനിമാസിന്‍റെ ഉദ്ഘാടനം ഇന്നലെ ആയിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. അത്യാധുനിക സൗകര്യങ്ങളോടെയും സാങ്കേതിക മികവോടെയും പണി പൂര്‍ത്തിയാക്കിയ തിയറ്ററിന്‍റെ നിരവധി ദൃശ്യങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ അതിലെ ഒരു ഭാഗം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. തിയറ്റര്‍ കോംപ്ലെക്സിന്‍റെ ഒരു ഭിത്തിയില്‍ സിനിമയിലെ ശ്രദ്ധേയ സംവിധായകരുടെ ഫ്രെയിം ചെയ്ത ചിത്രങ്ങളാണ്. അടിയില്‍ ഓരോരുത്തരുടെയും പേരുകളുമുണ്ട്. ഭാഷാഭേദമില്ലാതെ ഉള്‍പ്പെടുത്തിയിരിക്കുന്ന സംവിധായകരുടെ ചിത്രങ്ങളില്‍ മലയാളത്തില്‍ ഒരാള്‍ മാത്രമാണ് ഉള്ളത്.

വാള്‍ ഓഫ് ഫെയിം എന്ന് പേരിട്ടിരിക്കുന്ന ഭിത്തിയില്‍ എസ് എസ് രാജമൗലിയും സുകുമാറും മണി രത്നവും വെട്രിമാരനും ആറ്റ്ലിയും റിഷബ് ഷെട്ടിയും ഒക്കെയുണ്ട്. ഇക്കൂട്ടത്തില്‍ മലയാളത്തില്‍ നിന്ന് ഇടംപിടിച്ച ഒരേയൊരാള്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. അതേസമയം ചില ശ്രദ്ധേയരായ സംവിധായകരെ ഇക്കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്താത്തതില്‍ സിനിമാപ്രേമികളുടെ വിമര്‍ശനവും വരുന്നുണ്ട്. ത്രിവിക്രം ശ്രീനിവാസ്, പ്രശാന്ത് നീല്‍, രാജ്കുമാര്‍ ഹിറാനി, സഞ്ജയ് ലീല ബന്‍സാലി, സന്ദീപ് റെഡ്ഡി വാംഗ എന്നിവരുടെ ചിത്രങ്ങളും വാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആറ്റ്ലിയെ ഉള്‍പ്പെടുത്തിയിട്ടും ഷങ്കറിനെ ഉള്‍പ്പെടുത്താതിരുന്നതും രാം ഗോപാല്‍ വര്‍മ്മയ്ക്ക് സ്ഥാനം നല്‍കാതിരുന്നതുമൊക്കെ സിനിമാപ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കെ വി റെഡ്ഡി, സിംഗീതം ശ്രീനിവാസ റാവു, രാഘവേന്ദ്ര റാവു എന്നിങ്ങനെ മുന്‍കാല സംവിധായകരെ അവഗണിച്ചതിലും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു തരത്തില്‍ ആയിരിക്കാം സംവിധായകരുടെ തെരഞ്ഞെടുപ്പെന്നും ചില കമന്‍റുകള്‍ ഉണ്ട്. താന്‍ ഇതിനകം പ്രവര്‍ത്തിച്ച സംവിധായകരുടെയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സംവിധായകരുടെയും ചിത്രങ്ങളായിരിക്കും അല്ലു അര്‍ജുന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് നിരീക്ഷണങ്ങളില്‍ ഒന്ന്. 

Tags:    

Similar News