"മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ " കാലങ്ങൾക്കിപ്പുറവും കോട്ടപ്പള്ളി പ്രഭാകരന്റെ വാക്കുകൾ ചർച്ചയാവുന്നു

'അപ്പൊ പുരിയലേ, ഇപ്പൊ പുരിയിത്', ചർച്ചയായി സന്ദേശത്തിലെ ശ്രീനിവാസൻ

Update: 2026-03-14 07:17 GMT

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഇന്ധനക്ഷാമം അനുഭവപ്പെട്ടുത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യത്തിന് പാചകവാതകമില്ലാത്തത് കാരണം ഹോട്ടലുകൾ അടച്ചിടുന്ന സാഹചര്യത്തിനും രാജ്യം സാക്ഷ്യം വഹിച്ചു. 

ലോകത്തിന്റെ ഏത് കോണിൽ യുദ്ധം നടന്നാലും അത് മനുഷ്യരെ നേരിട്ടും അല്ലാതെയും പല തരത്തിൽ ബാധിക്കുമെന്നതിനുള്ള ഏറ്റവും അടുത്ത ഉദാഹരണം കൂടിയാണിത്. 

ഇതിനിടെ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ ശാന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം സിനിമയിലെ കഥാപാത്രമായ സഖാവ് കോട്ടപ്പള്ളി പ്രഭാകരൻ പറയുന്ന വാക്കുകളാണ് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഇത്രത്തോളം കൃത്യമായി പ്രവചിച്ച മറ്റൊരു ചലച്ചിത്രം മലയാളത്തിലുണ്ടോ എന്ന് സംശയമാണ്. ഇറാൻ-ഇസ്രായേൽ സംഘർഷം മൂലം ഹോർമൂസ് കടലിടുക്ക് അടഞ്ഞതും, അതിന്റെ ഫലമായി നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ അടുപ്പ് പുകയാത്തതും കാണുമ്പോൾ 'സന്ദേശം' മുന്നോട്ടുവെച്ച ആഗോള രാഷ്ട്രീയ കാഴ്ചപ്പാടുകൾ വീണ്ടും ചർച്ചയാവുകയാണ്.

കോട്ടപ്പള്ളിയും അനിയൻ പ്രകാശനും തമ്മിലുള്ള തർക്കത്തിനിടെ കോട്ടപ്പള്ളി പറയുന്നതിങ്ങനെയാണ്-

 "നിക്കാരഗോയിലെ ഒട്ടേഗയെ പുറത്താക്കി, കുത്തക മുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചു. റൂമേനിയയിലും മറ്റൊന്നുമല്ല സംഭവിച്ചത്. ജര്‍മനിയെ നിങ്ങള്‍ തകര്‍ത്തു. പക്ഷെ വിയറ്റ്‌നാമിലേയും കംബോഡിയയിലേയും വടക്കന്‍ കൊറിയയിലേയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസിലാക്കിയില്ല." എന്നാൽ പ്രകാശൻ ചോദിക്കുന്നത് 'ഇവിടുത്തെ കാര്യം പറയുമ്പോള്‍ എന്തിനാണ് അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്?' എന്നായിരുന്നു. എന്നാൽ ഇതിന് മറുപടിയെന്നോണം കോട്ടപ്പള്ളി പറയുന്ന മറുപടിയാണ് ഏറ്റവും ശ്രദ്ധേയം- "മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ" എന്നായിരുന്നു കോട്ടപ്പള്ളിയുടെ മറുപടി. പ്രസ്തുത വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പങ്കുവയ്ക്കപ്പെടുന്നത്.

'അപ്പൊ പുരിയലേ, ഇപ്പൊ പുരിയിത്', 'കോട്ടപ്പള്ളി പറഞ്ഞത് വെറുമൊരു തമാശയല്ലെന്ന് മനസിലായി', 'ശ്രീനിവാസൻ ദി ലെജൻഡ്', തുടങ്ങീ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ജയറാം, ശ്രീനിവാസൻ, തിലകൻ, കവിയൂർ പൊന്നമ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സന്ദേശം.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യമായ 'സന്ദേശം' (1991) മുപ്പത് വർഷങ്ങൾക്കിപ്പുറവും വാർത്തകളിൽ നിറയുന്നത് അതിന്റെ പ്രവചന സ്വഭാവം കൊണ്ടാണ്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം കേരളത്തിലെ അടുക്കളകളിൽ തീ പുകയാത്ത അവസ്ഥ വരുമ്പോൾ, കോട്ടപ്പള്ളി പ്രഭാകരൻ അന്ന് പറഞ്ഞ ആഗോള രാഷ്ട്രീയത്തിന്റെ പ്രസക്തി ഇന്ന് ഏവരും തിരിച്ചറിയുന്നു.

​ശ്രീനിവാസന്റെ തൂലികയിൽ വിരിഞ്ഞ ഈ ചിത്രം ചർച്ച ചെയ്തത് വിവിധ രാഷ്ട്രീയ വശങ്ങളാണ്.

പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടരുത്.

സിനിമയിലെ ഏറ്റവും പ്രശസ്തമായ ഈ ഡയലോഗ് കേവലം ഒരു തമാശയല്ല. 1990-കളിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നുവീണപ്പോൾ അത് അംഗീകരിക്കാൻ മടിച്ചിരുന്ന ഒരു വിഭാഗം രാഷ്ട്രീയ പ്രവർത്തകരുടെ മാനസികാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. വസ്തുതകളെ നേരിടുന്നതിന് പകരം വൈകാരികമായി പ്രതികരിക്കുകയും, ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്ന രീതി ഇന്നും രാഷ്ട്രീയ ചർച്ചകളിൽ സജീവമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

ഒരു സാധാരണക്കാരന്റെ മൃതദേഹം ഏറ്റെടുത്ത് അതിനെ രക്തസാക്ഷിയാക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പോരാട്ടം സിനിമയിൽ അതിശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. "നമുക്ക് ഒരു ബോഡി വേണം" എന്ന് നേതാക്കൾ പറയുന്ന രംഗം കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരതയെ അന്നേ തുറന്നുകാട്ടിയിരുന്നു

തിരഞ്ഞെടുപ്പ് കാലത്ത് പരസ്പരം പോരടിക്കുകയും എന്നാൽ സ്വകാര്യമായി സൗഹൃദം പങ്കിടുകയും ചെയ്യുന്ന നേതാക്കളുടെ 'അന്തർധാര'യും സിനിമയിൽ കാണാം. സാധാരണക്കാരായ അണികൾ തെരുവിൽ തല്ലുകൂടുമ്പോൾ, മുകളിൽ ഇരിക്കുന്ന നേതാക്കൾ എങ്ങനെ ഒത്തുതീർപ്പുകൾ നടത്തുന്നു എന്നത് യശ്വന്ത് സഹായിയുടെയും കുമാരപിള്ളയുടെയും കഥാപാത്രങ്ങളിലൂടെ ശ്രീനിവാസൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് പരസ്പരം പോരടിക്കുകയും എന്നാൽ സ്വകാര്യമായി സൗഹൃദം പങ്കിടുകയും ചെയ്യുന്ന നേതാക്കളുടെ 'അന്തർധാര'യും സിനിമയിൽ കാണാം. സാധാരണക്കാരായ അണികൾ തെരുവിൽ തല്ലുകൂടുമ്പോൾ, മുകളിൽ ഇരിക്കുന്ന നേതാക്കൾ എങ്ങനെ ഒത്തുതീർപ്പുകൾ നടത്തുന്നു എന്നത് യശ്വന്ത് സഹായിയുടെയും കുമാരപിള്ളയുടെയും കഥാപാത്രങ്ങളിലൂടെ ശ്രീനിവാസൻ വ്യക്തമാക്കി.


സന്ദേശം സിനിമ പുറത്തിറങ്ങിയ കാലം മുതൽ അത് അരാഷ്ട്രീയവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനം ഉയർന്നിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തെ പാടേ തള്ളിക്കളയുന്നതാണ് സിനിമയുടെ ക്ലൈമാക്സ് എന്ന് പലരും വാദിച്ചു. എന്നാൽ, അന്ധമായ പാർട്ടി ഭക്തിക്ക് പകരം ക്രിയാത്മകമായ രാഷ്ട്രീയമാണ് വേണ്ടതെന്ന് സിനിമ പറയാതെ പറയുന്നുണ്ട്.

​ഹോർമൂസ് കടലിടുക്കിലെ പ്രശ്നം മൂലം കേരളത്തിൽ ഗ്യാസ് മുടങ്ങുമ്പോൾ, അന്താരാഷ്ട്ര രാഷ്ട്രീയത്തെയും പ്രാദേശിക ജീവിതത്തെയും വേർതിരിച്ചു കാണാൻ കഴിയില്ലെന്ന് സിനിമ നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

Tags:    

Similar News