ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി കേരളത്തിന്റെ ചലച്ചിത്രമേള തുടരണം; പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വര്‍ത്തമാനകാലത്തിന്റെ കണ്ണാടിയാണ്;

Update: 2025-12-13 14:12 GMT


തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയില്‍ പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷ്. ഐഎഫ്എഫ്‌കെയിലെ അനുഭവം വളരെ പ്രധാനപ്പെട്ടതും വിശിഷ്ടവുമാണ് എന്ന് വിശേഷിപ്പിച്ച പലസ്തീന്‍ അംബാസഡര്‍ പലസ്തീന്‍ ജനതയ്ക്ക് അവരുടെ കഥ ലോകത്തോട് പറയാന്‍ ലഭിച്ച സുപ്രധാന വേദിയായി ചലച്ചിത്രമേളകളേയും 'പലസ്തീന്‍ 36' പോലുള്ള ചിത്രങ്ങളെയും കാണുന്നതായും കൂട്ടിച്ചേര്‍ത്തു.

ഗാസയുടെ പുനര്‍നിര്‍മ്മാണം, പുനരധിവാസം എന്നിവയില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി രണ്ടു മാസത്തിലേറെയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അംബാസഡര്‍ വെളിപ്പെടുത്തി. നിലവിലെ ഇന്ത്യന്‍ സര്‍ക്കാര്‍ പലസ്തീന്‍ ജനതയ്ക്ക് വേണ്ടി മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്.

മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും അംബാസഡര്‍ ചെറുത്തുനില്‍പ്പിന്റെ രണ്ട് വ്യത്യസ്ത ചിന്താധാരകളായി വിശേഷിപ്പിച്ചു. ഭഗത് സിംഗിനെ ബ്രിട്ടീഷുകാര്‍ ഭീകരവാദി എന്ന് മുദ്രകുത്തിയതുപോലെ, അധിനിവേശത്തെ ചെറുക്കുന്നവരെല്ലാം ഭീകരവാദികളായി ചിത്രീകരിക്കപ്പെടുന്നു.

പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതിനിധീകരിക്കുന്നത് മഹാത്മാഗാന്ധിയുടെ ചിന്താധാരയാണ്. സമാധാനപരവും നയതന്ത്രപരവും നിയമപരവുമായ ചെറുത്തുനില്‍പ്പ്. 'ഇന്ത്യയുടെ ചരിത്രം ഞങ്ങളുടെ വര്‍ത്തമാനകാലത്തിന്റെ കണ്ണാടിയാണ്,' അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ ജനതയ്ക്ക് അവരുടെ കഥ പറയാനുള്ള അവകാശം വളരെക്കാലമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് അംബാസഡര്‍ പറഞ്ഞു.

നിലവില്‍, ഗാസയില്‍ ആയിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള കേവലമായ റിപ്പോര്‍ട്ടിംഗിനപ്പുറം, ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം, അതിന്റെ വേരുകള്‍, അത് എങ്ങനെ സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഐഎഫ്എഫ്‌കെ വേദി അവസരം നല്‍കി.

സോഷ്യല്‍ മീഡിയയില്‍ പോലും പലസ്തീനെ സംബന്ധിക്കുന്ന വിവരങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ, പലസ്തീന്‍ സംസ്‌കാരം, പൈതൃകം, പാചകരീതി എന്നിവ ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഐഎഫ്എഫ്‌കെ പോലുള്ള വേദികള്‍ അത്യന്താപേക്ഷിതമാണ്.

പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷ് കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞു.

കേരള മുഖ്യമന്ത്രിയുമായി താന്‍ നേരിട്ട് സംസാരിച്ചു. ''സമാധാനത്തോടും നീതിയോടും അന്താരാഷ്ട്ര നിയമത്തോടുമുള്ള കേരളത്തിന്റെ കൂറ് വളരെ വലുതാണ്. അവര്‍ എന്നെ ക്ഷണിക്കുന്നത് നിര്‍ത്തിയിട്ടേയില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎഫ്എഫ് കെ പോലുള്ള വേദികള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി വര്‍ത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചിത്രം 'പലസ്തീന്‍' എന്ന വാക്കില്‍ തുടങ്ങുന്നത് തന്നെ തങ്ങളുടെ വിഷയത്തിന് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

പലസ്തീന്‍ ചലച്ചിത്രകാരന്മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഇസ്രായേലി അധിനിവേശം തന്നെയാണെന്ന് അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷ് വ്യക്തമാക്കി. പലസ്തീനില്‍ ഒരു സിനിമ ചിത്രീകരിക്കാന്‍ ഇസ്രായേല്‍ അനുവദിക്കില്ല. ഒരു ഡോക്യുമെന്ററി സിനിമ ചിത്രീകരിച്ചതിന്റെ പേരില്‍ പോലും അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഒരു ട്വീറ്റിന്റെ പേരില്‍ പോലും അറസ്റ്റുകള്‍ നടക്കാറുണ്ട്. തന്റെ വാക്കുകളില്‍ നിന്ന് ഒരു വാചകം ഓര്‍ത്തുവെക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അത് 'ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി ഐഎഫ്എഫ്‌കെ തുടരണം' എന്നതായിരിക്കണം എന്നും പലസ്തീന്‍ അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.

Abdullah Abu Shawesh
Kerala Chalachithra Academy
Posted By on13 Dec 2025 7:42 PM IST
ratings
Tags:    

Similar News