സിനിമയില്‍ സംതൃപ്തി സ്വന്തം പാത വെട്ടി തെളിക്കുന്നതിലെന്ന് ഉറുഗ്വേ സംവിധായിക വെറോണിക്ക ഗോണ്‍സാല്‍വസ്
'മീറ്റ് ദി ഡയറക്ടര്‍' സെഷനില്‍ ജിയോ ബേബി, അനിരുദ്ധ് ലോക്കുര്‍ എന്നിവരും പങ്കെടുത്തു;
തിരുവനന്തപുരം: 'നമ്മളായി ഇരിക്കുക എന്നതാണ് ഒരു നല്ല സംവിധായകയ്ക്കുണ്ടാകേണ്ട ആദ്യ ലക്ഷണം. ആ ആത്മവിശ്വാസമാണ് എന്നെ ചിലവ് കുറഞ്ഞ ചിത്രങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്,' പറയുന്നത് 'കേമാഡൂറ ചീന' എന്ന ഉറുഗ്വേ ചിത്രത്തിന്റെ സംവിധായിക വെറോണിക്ക പെറോട്ട ഗോണ്‍സാല്‍വസ്. ചലച്ചിത്രമേളയുടെ രണ്ടാം ദിവസം ടാഗോറില്‍ 'മീറ്റ് ദി ഡയറക്ടര്‍' സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലേക്ക് ആദ്യമായെത്തുന്ന വെറോണിക്കയുടെ ചിത്രം ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തില്‍ ശനിയാഴ്ച്ചയാണ് പ്രദര്‍ശിപ്പിച്ചത്.
സിനിമയില്‍ മറ്റുള്ളവരുടെ പാതകള്‍ പിന്തുടരുന്നതിലും സംതൃപ്തി സ്വന്തം പാത വെട്ടി തെളിക്കുന്നതിലാണെന്ന് വിശ്വസിക്കുന്ന വെറോണിക്ക തന്റെ ചിത്രത്തിന്റെ അണിയറ വിശേഷങ്ങളും സംവിധാനത്തിന്റെ ബാലപാഠങ്ങളും പങ്കുവച്ചു.
'ഏതൊരു കാര്യവും ആഗ്രഹത്തോടെ ചെയ്താല്‍ അതിന്റെ എല്ലാ ക്ലേശതകളും തരണം ചെയ്യാനാകും', എങ്ങനെ ഒരു നല്ല സംവിധായികയോ സംവിധായകനോ ആകാം എന്ന ചോദ്യത്തിന് ഉത്തരമായി അവര്‍ പറഞ്ഞു.
സയാമീസ് ഇരട്ടകളായ സഹോദരങ്ങള്‍ ശസ്ത്രക്രിയയിലൂടെ വേര്‍പെടാന്‍ തീരുമാനിക്കുന്നതും അതോടനുബന്ധിച്ചുള്ള കഥാസന്ദര്‍ഭങ്ങളും പ്രമേയമാക്കിയ ചിത്രമാണ് 'കേമാഡൂറ ചീന. ' മനുഷ്യമനസ്സുകളുടെ പിരിമുറുക്കങ്ങളയും അഭിനിവേശങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 'എബ്ബ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ ജിയോ ബേബി പങ്കുവെച്ചു.
മനുഷ്യാവസ്ഥകളെ ഒപ്പിയെടുത്ത് നൈസര്‍ഗികമായ അനുഭൂതി സമ്മാനിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നത്. സ്‌നേഹമെന്ന വികാരത്തിലൂടെ മനുഷ്യര്‍ക്കുണ്ടാകുന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കപ്പുറം, ഒരു അരങ്ങേറ്റക്കാരന് സിനിമയിലെത്താനുള്ള മാര്‍ഗങ്ങള്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജിയോ ബേബി വിവരിച്ചു.
'ഡോണ്ട് ടെല്‍ മദര്‍' എന്ന കന്നഡ ചിത്രത്തിന്റെ വിശേഷങ്ങള്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ അനിരുദ്ധ് ലോക്കുര്‍ പങ്കുവെച്ചു. അനിരുദ്ധ്‌ന്റെ സഹോദരന്‍ അനൂപ് ലോക്കുറാണ് സിനിമയുടെ സംവിധായകന്‍. മീര സാഹിബ് മോഡറേറ്ററായ സെഷനില്‍ സംവിധായകന്‍ ബാലു കിരിയത്തും പങ്കെടുത്തു.