കളിയാക്കലുകളിലും തളരാതെ രേണു സുധി
അന്തരിച്ച കോമഡി താരം സുധിയുടെ ഭാര്യയാണ് രേഷ്മ തങ്കച്ചൻ എന്ന രേണു സുധി;
ഒരു സാധാരണ വീട്ടമ്മയിൽ നിന്നും മലയാളികൾക്ക് സുപരിചിതയായ സെലിബ്രിറ്റിയായി രേണു സുധി മാറിയത് അത്ര എളുപ്പമായിരുന്നില്ല. പ്രിയപ്പെട്ടവന്റെ വിയോഗം നൽകിയ ശൂന്യതയിൽ നിന്നും പരിഹാസങ്ങളുടെയും വിമർശനങ്ങളുടെയും കല്ലേറുകൾക്കിടയിലൂടെയായിരുന്നു രേണുവിന്റെ യാത്ര."ലണ്ടൻ ബ്രിഡ്ജിൽ നിന്നൊരു ഫോട്ടോ എടുക്കണം," ഒരു സാധാരണ ആഗ്രഹം പോലെ തോന്നാമെങ്കിലും രേണുവിനെ സംബന്ധിച്ച് ഇതൊരു വലിയ വിജയത്തിന്റെ വിളംബരമാണ്. യുകെയിലെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് അവർ. "സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യമായിരുന്നു ലണ്ടൻ യാത്ര. ദൈവം എനിക്കായി ആ വഴി തുറന്നുതന്നു. ലണ്ടൻ ബ്രിഡ്ജിൽ പോയി ഒരു ഫോട്ടോ എടുക്കാൻ ദൈവം എന്നെ അനുവദിക്കട്ടെ," രേണു പറയുന്നു.വെറും 2000-3000 രൂപ ശമ്പളത്തിൽ നിന്നാണ് രേണു തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ ഇന്ന്, തന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും മറ്റാരുടെയും സഹായമില്ലാതെ ആത്മവിശ്വാസത്തോടെ നോക്കി വളർത്താൻ പ്രാപ്തിയുള്ള ഒരു സ്വതന്ത്ര വ്യക്തിയായി രേണു മാറി. ഒരു പെൺകുട്ടി മാനേജറായി കൂടെയുണ്ട് — കാര്യങ്ങളെല്ലാം അവളാണ് നോക്കുന്നത്, " തന്റെ മാറ്റത്തെക്കുറിച്ച് രേണു അഭിമാനത്തോടെ പറയുന്നു.സോഷ്യൽ മീഡിയയിൽ റീൽസുകൾ ചെയ്തു തുടങ്ങിയ കാലത്ത് അടുത്ത സുഹൃത്തുക്കളിൽ നിന്ന് പോലും രൂക്ഷമായ വിമർശനങ്ങളാണ് രേണുവിന് നേരിടേണ്ടി വന്നത്. വീട്ടുകാർക്ക് പോലും ഇത് ഇഷ്ടമല്ലെന്നും ഇത്തരം കാര്യങ്ങൾ നിർത്തണമെന്നും പലരും ഉപദേശിച്ചു. എന്നാൽ ആ വാക്കുകൾക്ക് ചെവികൊടുത്ത് അന്ന് വീട്ടിലിരുന്നിരുന്നെങ്കിൽ ഇന്നത്തെ രേണു സുധി ഉണ്ടാകില്ലായിരുന്നു എന്നും രേണു പറയുന്നു."ഉദ്ഘാടനങ്ങൾക്ക് ക്ഷണിക്കപ്പെടുമെന്നോ, ഒരു നാട മുറിക്കാൻ അവസരം ലഭിക്കുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. അതിലും വലിയ നോവുകളിലൂടെയാണ് ഞാൻ കടന്നുവന്നത്."
പലരും വർഷങ്ങളോളം പരിശ്രമിച്ച് എത്തുന്ന ബിഗ് ബോസ് വേദിയിലേക്ക് രേണുവിന് ലഭിച്ചത് നേരിട്ടുള്ള ക്ഷണമായിരുന്നു. 35 ദിവസം ആ വീട്ടിൽ നിൽക്കാൻ സാധിച്ചതും അവിടുത്തെ അനുഭവങ്ങളും തന്റെ കരിയറിന് നേട്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ എന്ന് രേണു വിശ്വസിക്കുന്നു. ബിഗ് ബോസിന് ശേഷം സിനിമയിലും ഉദ്ഘാടന വേദികളിലും രേണുവിന് തിരക്കേറി.അഭിമുഖങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട രേണു ഇതിനോടകം മൂന്ന് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. 'കുരുവി പാപ്പ'യ്ക്ക് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷം രേണുവിനെ തേടിയെത്തിയിട്ടുണ്ട്.