മഞ്ജു വാര്യരെ അപമാനിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ട് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ

മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്‍റെ കുറ്റവും ബാക്കി 15 ദിവസം അത് കഴിഞ്ഞതിന്‍റെ കുറ്റവും ഇടയ്ക്ക് ഒരു ദിവസം കിട്ടിയാല്‍ പിസിഒഡിയെയും കൂട്ടുപിടിച്ച് മടി പിടിച്ചിരിക്കുന്ന സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അപവാദമാണ് മഞ്ജുവാരിയര്‍ എന്നാണ് കുറിപ്പ്.;

Update: 2026-01-06 14:04 GMT

പുതുവര്‍ഷത്തില്‍ സൂപ്പര്‍താരം മഞ്ജു വാരിയര്‍ പങ്കുവച്ച ചിത്രങ്ങളും വിഡിയോകളും പങ്കിട്ട് സ്ത്രീകളെ അപമാനിച്ച് നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍. സ്ത്രീകളിലെ ആര്‍ത്തവത്തെയും ആര്‍ത്തവ സംബന്ധമായ ശാരീരിക മാനസിക ബുദ്ധിമുട്ടുകളെയും നിസാരവല്‍ക്കരിച്ചാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. ഇതിന് പുറമെ സ്ത്രീകളുടെ 'സ്വഭാവ ദൂഷ്യത്തെയും' ജയചന്ദന്‍ വിമര്‍ശിക്കുകയും എല്ലാവരെയുമല്ല ഈ പറഞ്ഞതെന്ന മട്ടില്‍ മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്യുന്നുണ്ട്.

മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്‍റെ കുറ്റവും ബാക്കി 15 ദിവസം അത് കഴിഞ്ഞതിന്‍റെ കുറ്റവും ഇടയ്ക്ക് ഒരു ദിവസം കിട്ടിയാല്‍ പിസിഒഡിയെയും കൂട്ടുപിടിച്ച് മടി പിടിച്ചിരിക്കുന്ന സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അപവാദമാണ് മഞ്ജുവാരിയര്‍ എന്നാണ് കുറിപ്പ്. ജീവിക്കാന്‍ സാഹസം വേണ്ടി വരുന്നതിനാല്‍ യോജിക്കാന്‍ പറ്റാത്ത ബന്ധത്തില്‍ കടിച്ചു തൂങ്ങി ഭര്‍ത്താവ് കൊണ്ടുവരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി തീര്‍ക്കുന്നവരും ഉണ്ടെന്നും ജയചന്ദ്രന്‍ ആരോപിക്കുന്നു. മാത്രവുമല്ല, മറ്റുള്ളവരുടെ ഭാര്യമാര്‍ക്ക് ആശ്വാസത്തിന്‍റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ' അത്തരക്കാർക്കും മഞ്ജു അപവാദമാണെന്നും കുറിപ്പ് വിശദീകരിക്കുന്നു. ഉള്ളത് അംഗീകരിക്കണമെന്ന മനോഭാവത്തിന്‍റെ പുറത്താണ് എഴുതിയതെന്നും കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. കടുത്ത വിമര്‍ശനമാണ് താരത്തിന്‍റെ വാക്കുകള്‍ക്കെതിരെ ഉയരുന്നത്. മഞ്ജു മാതൃകയാക്കാവുന്ന ആളാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും എന്നാല്‍ അതിന് സ്ത്രീകളെ ഇത്ര മോശക്കാരാക്കിയും ഇകഴ്ത്തിയും എഴുതേണ്ടതില്ലെന്നും ആളുകള്‍ കുറിച്ചു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ഡിസൈന്‍ ചെയ്തിട്ടുള്ള ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് ബൈക്കില്‍ മഴയത്ത് ധനുഷ്കോടിയിലേക്ക് പോകുന്ന മഞ്ജുവിന്‍റെ വിഡിയോയും ചിത്രങ്ങളുമാണ് വൈറലായത്. എഴുന്നേറ്റ് നിന്ന് താരം ബൈക്കോടിക്കുന്നതിന്‍റെ വിഡിയോയും കാണാം. കഴിഞ്ഞുപോയതിനും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനും വരാനിരിക്കുന്നതിനുമെല്ലാം നന്ദിയെന്ന് വിഡിയോയ്ക്കൊപ്പം താരം കുറിച്ചിട്ടുണ്ട്. സൂപ്പര്‍താരം അജിത്താണ് തന്നെ ബൈക്ക് സ്വന്തമാക്കാനും അതില്‍ യാത്ര പോകാനുമെല്ലാം പ്രചോദിപ്പിച്ചതെന്ന് മഞ്ജു മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്. 23 ലക്ഷത്തിലേറെയാണ് മഞ്ജു ഓടിച്ച ബൈക്കിന്‍റെ വില.

“മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ..,

ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ'

അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ!...


Similar News