പ്രഭാസിന്റെ പിആർ തന്ത്രം പാളിയോ? 'രാജാ സാബി'ന്റെ ഒടിടി റിലീസിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം

ജിയോ ഹോട്ട്സ്റ്റാർ സെർവർ അപ്‌ഗ്രേഡ് ചെയ്തെന്ന പ്രചരണം വ്യാജമാണെന്ന് വിമർശനം; സലാറിന് ശേഷം പ്രഭാസിന് തിരിച്ചടിയെന്ന് വിലയിരുത്തൽ.

Update: 2026-03-13 08:29 GMT

പാൻ ഇന്ത്യൻ താരം പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത 'ദി രാജാ സാബ്' എന്ന ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് കാരണമായിരിക്കുകയാണ്. ജനുവരി 9-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഫെബ്രുവരി 6-നാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ചെയ്തത്. റിലീസിന് മുന്നോടിയായി, ചിത്രത്തോടുള്ള ജനപ്രീതി കാരണം പ്ലാറ്റ്‌ഫോമിലെ 'റിമൈൻഡ് മി' ബട്ടൺ അമർത്താൻ വൻ തിരക്കാണെന്നും, ട്രാഫിക് താങ്ങാനാവാതെ ഹോട്ട്സ്റ്റാർ തങ്ങളുടെ സെർവറുകൾ അപ്‌ഗ്രേഡ് ചെയ്തുവെന്നും തരത്തിലുള്ള റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത് പ്രഭാസിന്റെ പിആർ (PR) ടീം കെട്ടിച്ചമച്ച കഥയാണെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന വിമർശനം.

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ റെക്കോർഡ് കാഴ്ചക്കാരുടെ എണ്ണം പുറത്തുവന്നതോടെയാണ് ഈ വിവാദം വീണ്ടും കത്തിയത്. ലോകകപ്പ് ഫൈനൽ ഒരേസമയം 82 കോടി ആളുകളാണ് ഹോട്ട്സ്റ്റാറിൽ തത്സമയം കണ്ടത്. ഇത്രയും വലിയൊരു ജനക്കൂട്ടം ഒരേസമയം പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നിട്ടും തകരാറിലാവാത്ത സെർവറുകൾക്ക്, പ്രഭാസിന്റെ ഒരു സിനിമയുടെ റിലീസ് മുന്നിൽക്കണ്ട് അപ്‌ഗ്രേഡേഷൻ നടത്തേണ്ടി വന്നു എന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. തെലുങ്ക് മാധ്യമങ്ങൾ ഉൾപ്പെടെ ഈ പ്രചരണത്തിലെ പൊള്ളത്തരങ്ങൾ ചർച്ചയാക്കുന്നുണ്ട്.

ബാഹുബലിക്ക് ശേഷം 'സലാർ' മാത്രമാണ് ബോക്സ് ഓഫീസിൽ പ്രഭാസിന് അല്പമെങ്കിലും ആശ്വാസം നൽകിയ ചിത്രം. തുടർച്ചയായ പരാജയങ്ങൾ താരത്തിന്റെ കരിയറിനെ ബാധിച്ചിരിക്കെ, അത്തരം വീഴ്ചകൾ മറയ്ക്കാനായി പിആർ ഏജൻസികൾ നടത്തുന്ന അതിശയോക്തി കലർന്ന പ്രചരണങ്ങൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു ചിത്രത്തിന്റെ ജനപ്രീതി അളക്കാൻ ഇത്തരം കൃത്രിമ കണക്കുകൾ നിരത്തുന്നത് ആരാധകർക്കിടയിൽ തന്നെ പ്രഭാസിന്റെ ഇമേജിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

Similar News