കുട്ടികളെ വളർത്തുന്നത് ചെലവേറിയ കാര്യമാണെന്നും സാഹചര്യങ്ങൾ പ്ലാൻ ചെയ്യാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് ശരിയല്ലെന്നും വരലക്ഷ്മി ശരത് കുമാർ

സാമ്പത്തിക ഭദ്രത ഉറപ്പാക്കിയിട്ട് മതി കുഞ്ഞുങ്ങൾ; തുറന്നടിച്ച് നടി വരലക്ഷ്മി

Update: 2026-03-13 08:16 GMT

തെന്നിന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയ സാന്നിധ്യമായ വരലക്ഷ്മി ശരത്കുമാർ പങ്കുവെച്ച സാമ്പത്തിക-കുടുംബ ആസൂത്രണ കാഴ്ചപ്പാടുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. താൻ ആദ്യമായി സംവിധാനം ചെയ്ത 'എസ്. സരസ്വതി' എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ദമ്പതിമാർക്ക് സാമ്പത്തിക സ്ഥിരത കൈവന്നതിനുശേഷം മാത്രമേ കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കാവൂ എന്നും, അല്ലാത്തപക്ഷം അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണ് വരലക്ഷ്മിയുടെ പക്ഷം. നടിമാരായ പ്രിയാമണിയും ലക്ഷ്മി മഞ്ചുവും വരലക്ഷ്മിക്ക് പിന്തുണയുമായി എത്തിയപ്പോൾ, സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്.

ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ വൈരുദ്ധ്യത്തെക്കുറിച്ചാണ് വരലക്ഷ്മി പ്രധാനമായും സംസാരിച്ചത്. ലോകത്ത് ജനസംഖ്യയിൽ ഒന്നാമതാണെങ്കിലും സെക്‌സിനെക്കുറിച്ച് സംസാരിക്കാൻ ആർക്കും താത്പര്യമില്ലാത്ത രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന് താരം പരിഹസിച്ചു. കൃത്യമായ പ്ലാനിംഗില്ലാതെ കുഞ്ഞുങ്ങളെ 'ഫാക്ടറിയിലെന്നപോലെ' പെറ്റുകൂട്ടുകയും പിന്നീട് കഷ്ടപ്പാടിലാണെന്ന് പരാതിപ്പെടുകയും ചെയ്യുന്ന രീതിയെ വരലക്ഷ്മി രൂക്ഷമായി വിമർശിച്ചു. കുട്ടികൾ ഉണ്ടായതിന് ശേഷമല്ല, മറിച്ച് അതിന് മുൻപാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതെന്ന് താരം ഓർമ്മിപ്പിച്ചു.

സമ്പദ്‌വ്യവസ്ഥയിൽ വന്ന മാറ്റങ്ങളും കുട്ടികളെ വളർത്തുന്നതിലെ ഭാരിച്ച ചെലവുകളും താരം ചൂണ്ടിക്കാട്ടി. "ആളുകൾ കുട്ടികളുമായി എന്റെയടുത്ത് സഹായം ചോദിച്ചു വരാറുണ്ട്. ഞാനാണോ അവരെ പ്രസവിച്ചത്? നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായം നൽകണം? നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്നെ നോക്കണം," എന്ന വരലക്ഷ്മിയുടെ വാക്കുകൾ കടുത്ത നിലപാടായി വിലയിരുത്തപ്പെടുന്നു. മറ്റൊരാളെക്കൂടി സംരക്ഷിക്കാൻ ശേഷിയുണ്ടാകുമ്പോൾ മാത്രം വിവാഹത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും ചിന്തിക്കാൻ താൻ ചുറ്റുമുള്ളവരോട് പറയാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

വരലക്ഷ്മിയുടെ ഈ പരാമർശങ്ങൾക്കെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. പണക്കാർക്ക് മാത്രമേ കുഞ്ഞുങ്ങൾ പാടുള്ളൂ എന്ന 'വരേണ്യ മനോഭാവമാണ്' നടി പ്രകടിപ്പിക്കുന്നതെന്നാണ് പ്രധാന വിമർശനം. എന്നാൽ, പ്രിയാമണിയും ലക്ഷ്മി മഞ്ചുവും വരലക്ഷ്മി പറയുന്നത് കയ്പ്പുള്ള യാഥാർഥ്യമാണെന്ന് അഭിപ്രായപ്പെട്ടു. തമിഴ് നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി, മലയാളത്തിൽ 'കസബ', 'മാസ്റ്റർപീസ്' തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലെ പ്രേക്ഷകർക്കും പ്രിയങ്കരിയാണ്.

Similar News