ഷൂട്ടിംഗിനിടയിൽ വയോധികനെ തല്ലി മോഡൽ; വൈറൽ വീഡിയോയുമായി മോണിക്ക കബീർ
മോശമായി പെരുമാറിയെന്ന് മോഡലിന്റെ ആരോപണം; വീഡിയോ വൈറലാക്കാൻ വേണ്ടിയുള്ള നാടകമെന്ന് വിമർശകർ.
ബംഗ്ലാദേശിലെ ധാക്കയിൽ നടുറോഡിൽ വെച്ച് മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മോണിക്ക കബീർ ഒരു വയോധികനെ പരസ്യമായി കൈയേറ്റം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തിരക്കേറിയ തെരുവിൽ ഒരു പ്രൊമോഷണൽ വീഡിയോയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. നടന്നുപോകുന്നതിനിടെ ഒരു വയോധികൻ തന്റെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മോണിക്ക ഇയാൾക്കെതിരെ തിരിഞ്ഞത്.
ചിത്രീകരണത്തിനിടയിൽ വയോധികൻ മോണിക്കയുടെ അരികിലൂടെ നടന്നുപോകുമ്പോൾ അയാളുടെ ബാഗ് മോണിക്കയുടെ ദേഹത്ത് തട്ടുന്നത് വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ ക്ഷുഭിതയായ മോണിക്ക ഇയാളെ പിന്തുടർന്ന് തന്റെ കൈയിലുണ്ടായിരുന്ന ബാഗ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. താൻ ചെയ്തത് വെറുമൊരു പ്രതികരണമല്ലെന്നും മറിച്ച് സ്വയരക്ഷയ്ക്കുള്ള അവകാശമാണെന്നും മോണിക്ക ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. അയാൾ തന്നെ മോശമായ രീതിയിൽ നോക്കുകയും അശ്ലീല കമന്റുകൾ പറയുകയും ചെയ്തുവെന്നും മോഡൽ ആരോപിക്കുന്നു. 'സൗന്ദര്യവും ധീരതയും ഒന്നിക്കുമ്പോൾ' എന്ന അടിക്കുറിപ്പോടെ മോണിക്ക തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.
വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഇത്തരം ശല്യപ്പെടുത്തലുകൾക്കെതിരെ ശക്തമായി പ്രതികരിച്ച മോണിക്കയെ ഒരു വിഭാഗം പിന്തുണയ്ക്കുന്നു. എന്നാൽ, വീഡിയോ കണ്ടാൽ വയോധികൻ മനഃപൂർവം ചെയ്തതാണെന്ന് തോന്നുന്നില്ലെന്നും തന്റെ റീൽസ് വീഡിയോ വൈറലാക്കാൻ വേണ്ടി മോണിക്ക നടത്തിയ ആസൂത്രിതമായ നീക്കമാണിതെന്നും മറ്റൊരു വിഭാഗം വിമർശിക്കുന്നു. റഷ്യൻ വംശജയായ മോണിക്ക കബീർ മുൻപും ബംഗ്ലാദേശിലെ മെട്രോയിൽ ജിംനാസ്റ്റിക് പ്രകടനം നടത്തി വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള താരമാണ്.