വസ്ത്രധാരണത്തിന്റെ പേരിൽ നടി ഐശ്വര്യ ലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം; പിന്തുണയുമായി ആരാധകർ
ചെന്നൈയിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ താരം ധരിച്ച വസ്ത്രത്തെ ചൊല്ലിയാണ് വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.
ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി ഐശ്വര്യ ലക്ഷ്മിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണം. ചെന്നൈയിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ താരം ധരിച്ച വസ്ത്രത്തെ ചൊല്ലിയാണ് വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.
മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ് വസ്ത്രമണിഞ്ഞാണ് ഐശ്വര്യ ചടങ്ങിൽ പങ്കെടുത്തത്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായതിന് പിന്നാലെ വസ്ത്രധാരണത്തെ പരിഹസിച്ചും അധിക്ഷേപിച്ചും നിരവധി പേർ രംഗത്തെത്തി. "കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ?" തുടങ്ങിയ മോശം കമന്റുകളാണ് വീഡിയോകൾക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
എന്നാൽ, താരത്തിന് നേരെ നടക്കുന്ന ഈ സൈബർ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ സ്വകാര്യതയെയും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കണമെന്നും ഇത്തരം ബോഡി ഷെയ്മിംഗും അധിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്നും ഐശ്വര്യയെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
താരത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇത്തരം സൈബർ ആക്രമണങ്ങളെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നുമാണ് ആരാധകരുടെ നിലപാട്.